ശബരിമലയിലെ കടമുറി ടെന്‍ഡര്‍ അട്ടിമറിയില്‍ തുറന്നടിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. വിഷയത്തില്‍ സംഘടിത ബ്ലാക്ക് മെയിലിങിന് നിന്ന് കൊടുക്കില്ലെന്ന് കെ ജയകുമാര്‍ പറഞ്ഞു. ടെന്‍ഡര്‍ ചോരുന്നത് അത്ഭുതകരമായ കാര്യമല്ലെന്നും ഇവിടെ നിന്ന് ഒരുപാട് കാര്യങ്ങള്‍ അങ്ങനെ ചോരുമെന്നും അദ്ദേഹം തുറന്നടിച്ചു. ടെന്‍ഡര്‍ ചോര്‍ന്നതില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ടെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും കെ ജയകുമാര്‍ വ്യക്തമാക്കി. വിഷയത്തില്‍ ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.ടെന്‍ഡര്‍ ചോരുന്നത് പോലുള്ള പ്രശ്നങ്ങള്‍ ഭാവിയില്‍ ഉണ്ടാകില്ലെന്ന് കെ ജയകുമാര്‍ പറഞ്ഞു. ചില അനാശാസ്യമായ ശീലങ്ങളാണ് ഇതിനെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് ആരുടേയും കുറ്റമല്ല. അങ്ങനെ ആയിപ്പോയി. കുത്തക പിടിക്കുന്നവരോട് വിരോധമില്ല.
അവര്‍ ലക്ഷങ്ങളും കോടികളും തന്നാണ് ഇത് പിടിക്കുന്നത്. പക്ഷേ അവര്‍ സുതാര്യമായ മാര്‍ഗത്തിലൂടെ വന്ന് പിടിച്ച് എല്ലാ നടപടിക്രമങ്ങളും പാലിച്ച് ബിസിനസ് ചെയ്ത് പോകണമെന്ന് മാത്രമാണ് നിഷ്കര്‍ഷിക്കുന്നതെന്നും കെ ജയകുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു. അല്ലാതെ ഇവിടെക്കിടന്ന് ഉപജാപക സംഘങ്ങളെ ഉണ്ടാക്കാനും ഞങ്ങള്‍ക്ക് മൂക്കുകയറിടാനും ആരും തുനിയേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ശബരിമലയിലെ കുത്തക കടകളുടെ ടെന്‍ഡര്‍ നടപടികള്‍ അട്ടിമറിച്ചതില്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന സംശയം ഉയര്‍ന്നുവന്നിരുന്നു.

ടെന്‍ഡറിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടുവെന്നും ലേലത്തില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ പുറത്തുവന്നുവെന്നുമായിരുന്നു ആരോപണം. സംഭവത്തില്‍ ദേവസ്വം വിജിലന്‍സ് അന്വേഷിക്കുകയാണ്.സത്യപ്രതിജ്ഞാ ലംഘനം വിവാദത്തില്‍ ദേവസ്വം ബോര്‍ഡ് അംഗം കെ രാജുവിനെ പ്രസിഡന്റ് കെ ജയകുമാര്‍ പിന്തുണയ്ക്കുകയും ചെയ്തു. ചട്ടലംഘനം നടത്തുന്ന ആളല്ല അദ്ദേഹം. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.











