തിയറ്ററുകളില്‍ 25 രൂപയുടെ പോപ്‌കോണിന് 250 രൂപ, കുട്ടികളുമായി പോകുന്ന രക്ഷിതാക്കള്‍ പെട്ടുപോകുന്നു; സര്‍ക്കാര്‍ ഇടപെടണമെന്ന് മേയര്‍


rajesh v v

തിരുവനന്തപുരം: സിനിമാ തിയറ്ററുകളില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതിനെതിരെ തിരുവനന്തപുരം മേയര്‍ വി വി രാജേഷ്. പുറത്ത് 25 രൂപ വിലയുള്ള പോപ്‌കോണിന് തിയറ്ററുകളില്‍ 250 രൂപയാണ് ഈടാക്കുന്നതെന്ന് വി വി രാജേഷ് ആരോപിച്ചു. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ലീഗല്‍ മെട്രോളജി വകുപ്പ് ഇത്തരം വിഷയങ്ങളില്‍ ശക്തമായി ഇടപെടണമെന്നും വി വി രാജേഷ് ആവശ്യപ്പെട്ടു.


തിയറ്ററില്‍ കയറി ഒരു ചായ കുടിക്കണമെങ്കില്‍ ലോണ്‍ എടുക്കേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും മേയര്‍ പറഞ്ഞു. ‘തിയറ്ററുകളില്‍ വില്‍ക്കുന്ന ഭക്ഷണ സാധനങ്ങള്‍ കൊള്ളവിലയ്ക്കാണ് നല്‍കുന്നത്. കൊച്ചുകുട്ടികളുമായി തിയറ്ററുകളില്‍ പോകുന്ന രക്ഷിതാക്കള്‍ക്ക് ആയിരം രൂപ നല്‍കിയാല്‍ മാത്രമേ പോപ്‌കോണ്‍ ലഭിക്കൂ എന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. പുറത്ത് ഇത്രയും പണം കൊടുക്കേണ്ടതില്ല. ഇത് തികച്ചും ആരോഗ്യകരമായ പ്രവണതയല്ല.’- മേയര്‍ തുടര്‍ന്നു.


വില നിശ്ചയിക്കുന്നത് കോര്‍പറേഷന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമല്ല. എങ്കിലും രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഇത്തരം ജനകീയ വിഷയങ്ങളില്‍ കൃത്യമായ നിലപാട് ഉന്നയിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിയറ്ററുകളിലെ അമിതവില നിയന്ത്രിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും മേയര്‍ ആവശ്യപ്പെട്ടു.

Advertisement



Sharing is Caring