മോന്‍സന്റെ മാവുങ്കലിന്റെ മസാജ് പാര്‍ലറില്‍ ഒളിക്യാമറയെന്ന് വെളിപ്പെടുത്തല്‍

വ്യാജ പുരാവസ്തു തട്ടിപ്പില്‍ അറസ്റ്റിലായ മോന്‍സന്റെ മാവുങ്കലിന്റെ മസാജ് പാര്‍ലറില്‍ ഒളിക്യാമറയെന്ന് വെളിപ്പെടുത്തല്‍. മോന്‍സന്റെ കലൂരിലെ വീട്ടില്‍ നടന്നു വന്ന മസാജ് പാര്‍ലറിലാണ് ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ പുറത്തു വരുന്നത്. പ്രായ പൂര്‍ത്തിയാകും മുമ്പ് തന്നെ പീഡിപ്പിച്ചുവെന്ന് പരാതി നല്‍കിയ പെണ്‍കുട്ടിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കലൂരിലെ വീട്ടില്‍ എട്ടോളം സിസിടിവി ക്യാമറകളുണ്ടെന്നും, പല ഉന്നതരും മസാജിങ്ങിനായി ഇവിടെ എത്തിയിരുന്നുവെന്നുമാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. ഭീഷണി ഭയന്നാണ് പരാതി നല്‍കാന്‍ വൈകിയതെന്നും പെണ്‍കുട്ടി പറയുന്നു. അതേസമയം ഉന്നതര്‍ പലരും ബ്ലാക് മെയിലിങ് ഭയന്നാണു മോന്‍സനെതിരെ മൗനം പാലിക്കുന്നതെന്ന നിഗമനത്തിലാണു ക്രൈംബ്രാഞ്ച്. മോന്‍സന്റെ ചികിത്സതേടി എത്തിയവര്‍ പലരും ക്യാമറയില്‍ പെട്ടിട്ടുണ്ട്. ഇതില്‍ ഉന്നതരും ഉണ്ടെന്നാണു ക്രൈംബ്രാഞ്ച് നിഗമനം.

മോന്‍സന്റെ കലൂരിലെ വീട്ടില്‍ നടത്തി വന്നിരുന്ന മസാജിംഗ് സെന്ററിലെ ജീവനക്കാരിയുടെ മകളാണ് പരാതിക്കാരി. പ്രായപൂര്‍ത്തിയാകും മുമ്പു തന്നെ മോന്‍സന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്നാണ് പാരിത. ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്തുന്നുവെന്നും, പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ഗര്‍ഭഛിദ്രം നടത്തിയെന്നും പരാതിയുണ്ട്. പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്. മോന്‍സന്റെ മറ്റു ജീവനക്കാരും തന്നെ പീഡിപ്പിച്ചതായും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഇവരെയും പ്രതിചേര്‍ക്കും.

അതിനിടെ മോണ്‍സണ്‍ മാവുങ്കലിന്റെ സമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഗുണ്ട നേതാവ് ഓം പ്രകാശിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ഓം പ്രകാശിന്റെ കൊച്ചി മുളവുകാട് സ്റ്റേഷനിലെ കേസ് ഒതുക്കാന്‍ മോണ്‍സണ്‍ ഇടപെട്ടിരുന്നു. കൊച്ചിയിലെ ഒരു എസിപിയുടെ സഹായം മോന്‍സന്‍ വഴി ഗുണ്ട നേതാവ് തേടിയിരുന്നു. ഈ ബന്ധമുപയോഗിച്ച് പണം നല്‍കി കേസ് ഒതുക്കിയെന്നാണ് കണ്ടെത്തല്‍. കേസ് ഒതുക്കാന്‍ മോസനെ ഉപയോഗിച്ചെന്ന് ഓം പ്രകാശ് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ പോലീസിന് പണം നല്‍കിയിട്ടില്ലെന്നും കേസില്‍ ജാമ്യം ലഭിച്ചതിനാല്‍ പണം നല്‍കേണ്ടി വന്നില്ലെന്നുമാണ് ഓം പ്രകാശിന്റെ മൊഴി.

മോന്‍സന്‍ കോടികള്‍ തിരിച്ചുനല്‍കാന്‍ ഉള്ള പലരും ബ്ലാക് മെയിലിങ് ഭയന്നാണ് പരാതി നല്‍കാത്തതെന്നാണു വിവരം. മസാജ് സെന്ററില്‍ പരിശോധന നടത്തിയ ക്രൈംബ്രാഞ്ച് സംഘം നിരവധി സാധനങ്ങള്‍ പിടിച്ചെടുത്തു. ഫൊറന്‍സിക് വിഭാഗവും പരിശോധനയ്ക്ക് എത്തി. കൂടുതല്‍ യുവതികള്‍ മോന്‍സനെതിരെ പരാതിയുമായി വരുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണ സംഘം. മോന്‍സനുമായി ബന്ധമുണ്ടെന്ന് കരുതുന്ന വിദേശവ്യവസായി അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. അതിനിടെ അനിതയുമായി പണമിടപാട് ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന മോന്‍സന്റെ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *