റെനോ ട്രൈബർ 100പിഎസ് വിപണിയിൽ


Francisco Hidalgo Dr. Vikraman V scaled

കൊച്ചി: റെനോ ഇന്ത്യയുടെ ജനപ്രിയ 7-സീറ്റർ വാഹനമായ ട്രൈബറിന്റെ പുതിയ മോഡൽ ട്രൈബർ 100പിഎസ് വിപണിയിൽ അവതരിപ്പിച്ചു. മികച്ച പ്രകടനവും ഉയർന്ന ഇന്ധനക്ഷമതയും കുറഞ്ഞ നിരക്കും ഒരുമിച്ച് ചേരുന്ന പുതിയ മോഡലിന് 7.84 ലക്ഷം രൂപ മുതലാണ് എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. ഇവല്യൂഷൻ, ടെക്നോ, ഇമോഷൻ എന്നീ മൂന്ന് വേരിയന്റുകളിലാണ് വാഹനം ലഭ്യമാകുക.  ഇതിൽ ഏറ്റവും ഉയർന്ന വകഭേദത്തിന് 8.99 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.


100 പിഎസ്  കരുത്തും ഈ ശ്രേണിയിലെ ഏറ്റവും മികച്ച 180 എൻഎം  ടോർക്കും ഉത്പാദിപ്പിക്കുന്ന പുതിയ ടർബോ ടിസിഇ  100 പവർട്രെയിനാണ് പുതിയ മോഡലിന്റെ ഏറ്റവും വലിയ സവിശേഷത. മികച്ച പ്രകടനത്തിനൊപ്പം തന്നെ ലിറ്ററിന് 21 കിലോമീറ്റർ സർട്ടിഫൈഡ് മൈലേജ് നൽകാൻ ഈ പുതിയ മോഡലിന് സാധിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു.


Car Image 1

റെനോ ഗ്രൂപ്പിന്റെ പുതിയ എൻട്രി പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ വാഹനമാണിത്. മികച്ച പ്രകടനത്തിനായി പുതിയ റെനോ എഞ്ചിൻ മാനേജ്‌മെന്റ് സിസ്റ്റം, പരിഷ്കരിച്ച സസ്പെൻഷൻ, എംടിവി ഡാംപർ സാങ്കേതികവിദ്യ, മെച്ചപ്പെടുത്തിയ ബ്രേക്കിംഗ് സിസ്റ്റം എന്നിവ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കൃത്യമായ തെർമൽ മാനേജ്‌മെന്റിനായി ഹൈബ്രിഡ് വാഹനങ്ങളിൽ കണ്ടുവരുന്ന ബിഎൽഡിസി കൂളിംഗ് ഫാനും ഇതിൽ നൽകിയിട്ടുണ്ട്.

പഴയ മോഡലിലേതുപോലെ 5, 6, 7 സീറ്റുകളായി എളുപ്പത്തിൽ മാറ്റാവുന്ന ഫ്ലെക്സിബിൾ സീറ്റിംഗ് സംവിധാനം പുതിയ വാഹനത്തിലും നിലനിർത്തിയിട്ടുണ്ട്. 5 സീറ്റുകൾ ഉപയോഗിക്കുമ്പോൾ 625 ലിറ്ററാണ് ഇതിന്റെ ബൂട്ട് സ്പേസ്. 182 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 50 കിലോഗ്രാം ഭാരം വരെ വഹിക്കാൻ ശേഷിയുള്ള റൂഫ് റെയിലുകളും വാഹനത്തിൽ നൽകിയിട്ടുണ്ട്.

8 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഡിജിറ്റൽ എൽഇഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ മികച്ച സവിശേഷതകൾ വാഹനത്തിലുണ്ട്. യാത്രക്കാരുടെ സൗകര്യത്തിനായി രണ്ടും മൂന്നും നിരകളിൽ പ്രത്യേകം എസി വെന്റുകളോട് കൂടിയ ഇൻഡിപെൻഡന്റ് റിയർ എസി നൽകിയിട്ടുണ്ട്. ഇതിനുപുറമെ ഓട്ടോമാറ്റിക് എസി, വയർലെസ് ചാർജർ, ക്രൂയിസ് കൺട്രോൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ആറ് എയർബാഗുകളും മറ്റ് 21 സുരക്ഷാ ഫീച്ചറുകളും ട്രൈബർ 100പിഎസ്-ന്റെ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി നൽകുന്നുണ്ട്. മുൻവശത്തെ പാർക്കിംഗ് സെൻസറുകൾ, ഗൈഡ്‌ലൈനുകളോട് കൂടിയ റിയർ ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും സുരക്ഷയ്ക്കായി ഉൾപ്പെടുത്തിയിട്ടുണ്ട്.

നാല് മീറ്ററിൽ താഴെ നീളമുള്ള ഈ വാഹനത്തിന് ചെറിയ പെട്രോൾ കാറുകൾക്ക് ബാധകമായ 18 ശതമാനം  ജിഎസ്ടി നിരക്കാണ് ഈടാക്കുന്നത്. ഇന്ത്യയിൽ ഇതുവരെ 2.5 ലക്ഷത്തിലധികം ട്രൈബർ വാഹനങ്ങൾ വിറ്റഴിച്ചതായി കമ്പനി വ്യക്തമാക്കി.

റെനോ ഇന്ത്യയുടെ ഭാവി പദ്ധതികളിലെ സുപ്രധാന ചുവടുവെപ്പാണ് ട്രൈബർ 100പിഎസ്  എന്ന് കമ്പനിയുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് ഫ്രാൻസിസ്കോ ഹിഡാൽഗോ പറഞ്ഞു. ഉപഭോക്താക്കൾക്ക് അനുയോജ്യമായതും പ്രായോഗികവും എളുപ്പത്തിൽ ലഭ്യവുമായ  നൂതന സാങ്കേതികവിദ്യകൾ എത്തിക്കുകയെന്ന ലക്ഷ്യമാണ്  ഇതിലൂടെ വ്യക്തമാകുന്നത്. അടുത്തിടെ പുറത്തിറക്കിയ ക്വിഡ്, ഡസ്റ്റർ അഡ്വഞ്ചർ എന്നിവയ്ക്ക് പിന്നാലെ എത്തുന്ന ഈ മോഡൽ 18 മാസത്തിനുള്ളിൽ 12 പുതിയ വാഹനങ്ങൾ വിപണിയിലെത്തിക്കാനുള്ള റെനോയുടെ പദ്ധതിയിലെ മറ്റൊരു നാഴികക്കല്ലാണെന്നും, ഇന്ത്യയിലെ കമ്പനിയുടെ വേഗമേറിയ മുന്നേറ്റവും ലക്ഷ്യബോധവുമാണ് ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Sharing is Caring