പി.ടി. ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

പി.ടി. ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. 11 മണിക്ക് രാജ്യസഭാ സമ്മേളിച്ചപ്പോൾ ആദ്യ ചടങ്ങായാണ് സത്യപ്രതിജ്ഞ നടന്നത്. സത്യപ്രതിജ്ഞ ചെയ്യാൻ ഡൽഹിയിലെത്തിയ പി.ടി ഉഷ ഇന്നലെ ബിജെപി അധ്യക്ഷൻ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നാമനിർദേശം വഴിയാണ് പി ടി ഉഷ രാജ്യസഭയിലേക്ക് എത്തുന്നത്. രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചിരുന്നു.

സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി പാർലമെൻ്റിൽ എത്തിയ പി.ടി ഉഷയ്ക്കൊപ്പമുള്ള ചിത്രങ്ങൾ വി. മുരളീധരൻ എം.പി ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. രാജ്യത്തിൻ്റെ അഭിമാനമാണ് പി.ടി ഉഷയെന്നും അവരെ ഇന്ത്യൻ പാർലമെന്റിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഉഷയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം നൽകിയതിനെതിരെ സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം രംഗത്തെത്തിയിരുന്നു. സംഘപരിവാറിന് ഹിതകരമായി പെരുമാറുന്നവർക്ക് പാരിതോഷികങ്ങൾ ലഭിക്കുന്ന സ്ഥിതിയുണ്ടെന്നായിരുന്നു എളമരം കരീമിന്റെ വാക്കുകൾ. പി ടി ഉഷയുടെ പേരെടുത്ത് പറയാത്ത വിമർശനത്തിൽ, ഇപ്പോൾ കേരളത്തിൽനിന്ന് ഒരാളെ രാജ്യസഭയിലേക്കു നാമനിർദേശം ചെയ്തു. അതിന് തനിക്ക് യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി അവർ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. ഏഷ്യാഡ് യോഗ്യതയ്ക്കുപുറമേയുള്ള യോഗ്യതയാണു തെളിയിച്ചതെന്നും കരീം പറഞ്ഞു.

എളമരം കരീമിൻ്റെ പ്രസ്താവനക്കെതിരെ ബിജെപി നേതാക്കൾ രംഗത്തെത്തി. എളമരം കരീം എന്ന മേൽവിലാസത്തിൽ കത്തയച്ചാൽ പോപ്പുലർ ഫ്രണ്ട് ഓഫിസിലെത്തുമോ സിപിഎം ഓഫീസിലെത്തുമോ എന്ന് സന്ദീപ് വാര്യർ വിമർശിച്ചു.

‘പിടി ഉഷക്ക് രാജ്യസഭാംഗമാവാൻ തന്നെക്കാൾ യോഗ്യത ഉണ്ടെടോ കരീമേ. എന്താണെന്നറിയാമോ? പിടി ഉഷ , ഇന്ത്യ എന്ന് മാത്രം മേൽവിലാസമെഴുതിയ കത്തും ഒരു കാലത്ത് പയ്യോളിയിലെ വീട്ടിൽ കൃത്യമായി എത്തുമായിരുന്നു. എളമരം കരീം, ഇന്ത്യ എന്ന മേൽ വിലാസത്തിൽ കത്ത് വന്നാൽ പോപ്പുലർ ഫ്രണ്ട് ഓഫിസിൽ കൊടുക്കണോ സിപിഎം ആപ്പീസിൽ കൊടുക്കണോ അതോ എൻ ഐ എ ക്ക് കൈമാറണോ എന്ന് പോസ്റ്റ്മാന് സംശയം തോന്നിയേക്കാം.

തൊഴിലാളി വർഗത്തെ അട്ടപോലെ ചോര കുടിച്ച് വഞ്ചിച്ച ചരിത്രമല്ല പിടി ഉഷക്കുള്ളത് , ചോര നീരാക്കി രാജ്യത്തിന് വേണ്ടി മെഡലുകൾ കൊണ്ട് വന്ന സുവർണ ചരിത്രമാണ്. സകല മാഫിയകളെയും പാറമട മുതലാളിമാരെയും പ്രകൃതി ചൂഷകരെയും സ്വന്തം പാർട്ടി ചീട്ടിൽ നിയമസഭയിലെത്തിച്ചവരാണ് പിടി ഉഷയുടെ യോഗ്യത അളക്കുന്നത്’. ഫേസ്ബുക്കിലൂടെയായിരുന്നു സന്ദീപ് വാര്യരുടെ വിമർശനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *