തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നതകൾക്ക് പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം ശക്തമാകുന്നു. ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിജെപി നൽകിയ 48 മണിക്കൂർ സമയപരിധി ഇന്ന് അവസാനിക്കും. രാജിയില്ലെങ്കിൽ ഒക്ടോബർ രണ്ട് മുതൽ വ്യാപക പ്രതിഷേധം നടത്താനാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ തീരുമാനം. സിപിഐ, സിപിഐഎം, സിപിഐ (എംഎൽ) തുടങ്ങിയ ഇടതുപാർട്ടികളും ഇന്ന് മുതൽ രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കും.തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭ്യന്തര തീരുമാനങ്ങളിൽ മറ്റ് കമ്മിഷണർമാർ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയതിന്റെ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കണമെന്ന ആവശ്യം ശക്തമായത്.
ഇംപീച്ച്മെന്റ് നോട്ടീസുമായി കോൺഗ്രസ് ഉൾപ്പെടെയുള്ള ഇന്ത്യ സഖ്യകക്ഷികളും രംഗത്തെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത വേണമെന്ന ആവശ്യവുമായി എൻഡിഎയിലെ ചില ഘടകകക്ഷികളും രംഗത്തെത്തി. എസ്ഐആറുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടെന്നും കമ്മീഷൻ വ്യക്തത വരുത്തണമെന്നും ബിഹാറിലെ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് മോർച്ച ആവശ്യപ്പെട്ടു.

കമ്മീഷൻ വിശദീകരണം നൽകുന്നത് ജനവിശ്വാസം ശക്തിപ്പെടുത്തുമെന്ന് ടിഡിപിയും പ്രതികരിച്ചു.ജനങ്ങളുടെ മനസ്സിൽ സംശയങ്ങൾക്ക് ഇടനൽകരുതെന്നാണ് എൽജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാന്റെ നിലപാട്. എന്നാൽ പ്രതിഷേധം ശക്തമാകുന്നതിനിടയിലും ഗ്യാനേഷ് കുമാറിനെ പൂർണമായും ന്യായീകരിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്. അതേസമയം, ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കങ്ങളുമായി കോൺഗ്രസ് മുന്നോട്ടുപോകുകയാണ്.











