ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രിയങ്കാ ഗാന്ധി

അടുത്തകൊല്ലം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. സംസ്ഥാനത്തെ മുഴുവന്‍ സീറ്റുകളിലേയ്ക്കും കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും മറ്റൊരു പാര്‍ട്ടിയുമായി സഖ്യം ചേരില്ലെന്നും അവര്‍ പറഞ്ഞു. ഉത്തര്‍പ്രദേശില്‍ 403 മണ്ഡലങ്ങളാണ് ഉള്ളത്. 40 ശതമാനം സീറ്റുകളിലും വനിതകളായിരിക്കും സ്ഥാനാര്‍ഥികളെന്നും പ്രിയങ്ക അറിയിച്ചു.

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ബുലന്ദ്ശെഹറില്‍ നടന്ന പ്രതിഗ്യ സമ്മേളന്‍ ലക്ഷ്യ-2022 പരിപാടിയിലാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മാത്രമേ നാമനിര്‍ദേശം ചെയ്യൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ സഖ്യചര്‍ച്ചകള്‍ നടക്കുന്നു എന്ന ഊഹാപോഹങ്ങളെയും പ്രിയങ്ക തള്ളിക്കളഞ്ഞു.

കോവിഡ് ഉള്‍പ്പടെ എല്ലാ പ്രതിസന്ധികളിലും കോണ്‍ഗ്രസാണ് ജനങ്ങളെ സഹായിച്ചത്. ഉന്നാവിനോ ലഖിംപുരിനോ ഹാഥ്റസിനോ വേണ്ടി എസ്.പിയോ ബി.എസ്.പിയോ പോരാടിയോ? പക്ഷേ, ഞങ്ങള്‍ പോരാടി- പ്രിയങ്ക പറഞ്ഞു. ബി.ജെ.പിയേയും പ്രിയങ്ക രൂക്ഷമായി വിമര്‍ശിച്ചു. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ബി.ആര്‍ അംബേദ്കര്‍ തുടങ്ങിയ നേതാക്കളാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയത്. ബിജെപി നേതാക്കള്‍ സ്വാതന്ത്ര്യത്തിന് വേണ്ടി രക്തവും വിയര്‍പ്പും ചിന്തിയിട്ടില്ല. അതുകൊണ്ട് ബി.ജെ.പിക്ക് സ്വാതന്ത്ര്യസമരത്തോട് ബഹുമാനമില്ല എന്നും പ്രിയങ്ക പറഞ്ഞു.

ബൂത്ത് തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തിയാലേ തിരഞ്ഞെടുപ്പില്‍ വിജയിക്കാനാകൂ എന്ന് പറഞ്ഞ് കൊണ്ട് പ്രിയങ്ക ബൂത്ത് കമ്മിറ്റികളെ ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തകരോട് സോഷ്യല്‍ മീഡിയയില്‍ സജീവമാകാനും എല്ലാ പാര്‍ട്ടി പ്രവര്‍ത്തനങ്ങളും വിവിധ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് പ്ലാറ്റ്ഫോമുകളില്‍ പോസ്റ്റ് ചെയ്യാനും അവര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 403 സീറ്റുകളില്‍ 7 എണ്ണത്തില്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്. 2019ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ ബിജെപിയുടെ സ്മൃതി ഇറാനിയോട് തോറ്റിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *