ചലച്ചിത്ര വികസന കോര്പറേഷന് ചെയര്‍മാനായി പ്രേംകുമാര്‍ ചുമതലയേറ്റു. ഇത് ദൈവത്തിന്റെ നീതിയാണെന്ന് പ്രേംകുമാര്‍ പറഞ്ഞു. വലിയ ചുമതലയാണ് സര്‍ക്കാര്‍ ഏല്‍പ്പിച്ചതെന്നും പദവി എന്നതിലുപരി വലിയ ഉത്തരവാദിത്വമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. അടിയന്തിര പ്രാധാന്യത്തോടെ ഇടപെടേണ്ട ഒട്ടനവധി കാര്യങ്ങള്‍ ഉണ്ടെന്നും അതിലെല്ലാം ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.സിനിമ എന്നത് ക്രിയേറ്റിവ് കള്‍ച്ചറല്‍ ഇന്‍ഡസ്ട്രി ആണെന്ന് പറഞ്ഞ പ്രേംകുമാര്‍ ഒരുപാട് തിയേറ്ററുകള്‍ പണി പൂര്‍ത്തിയാക്കാനുണ്ടെന്നും ചൂണ്ടിക്കാട്ടി. പലയിടത്തും ഒരുപാട് നവീകരണങ്ങള്‍ നടത്താനുണ്ട്. ചിത്രാഞ്ജലി സ്റ്റുഡിയോയുടെ പ്രശ്നങ്ങള്‍ അടക്കം ഉടന്‍ പരിഹരിക്കും. തിയേറ്ററുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. പ്രേക്ഷകരെ ചൂഷണം ചെയ്യുന്ന തിയേറ്ററുകളുടെ കാര്യത്തില്‍ ഇടപെടല്‍ ഉണ്ടാകും.
പ്രേക്ഷകര്‍ക്കാണ് പ്രഥമ പരിഗണന – അദ്ദേഹം പറഞ്ഞു.സിനിമ സ്വപ്നം കണ്ട് നടക്കുന്ന യുവാക്കളെ ചേര്‍ത്തു പിടിക്കുമെന്നും പ്രേംകുമാര്‍ പറഞ്ഞു. കൂടുതല്‍ ചലച്ചിത്ര പ്രതിഭകളെ വാര്‍ത്തെടുക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യും. മലയാള സിനിമ ലോക സിനിമകളോട് മത്സരിക്കേണ്ടത് സമ്പത്ത് കൊണ്ടല്ല. കാലാനുസൃതമായ സാങ്കേതിക മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട്, സിനിമ നിര്‍മാണ പ്രദര്‍ശനങ്ങള്‍ ഉണ്ടാകും. എല്ലാ സാംസ്കാരിക സ്ഥാപനങ്ങളെയും ചേര്‍ത്തു പിടിക്കും. കലയുടെ മാത്രം നിര്‍വചനങ്ങളില്‍ ഒതുങ്ങി നില്‍ക്കില്ല. വ്യവസായം എന്ന രീതിയില്‍ കൂടി സംരക്ഷിക്കപ്പെടാനുള്ള നീക്കങ്ങള്‍ ഉണ്ടാകും – അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കാലത്ത് സംഭവിച്ചതില്‍ ആരോടും പരാതിയോ പരിഭവമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പറഞ്ഞു വിടുമ്പോള്‍ കാണിക്കേണ്ട മര്യാദ കാണിച്ചില്ല. അത് മനസിനേറ്റ മുറിവാണ്. സര്‍ക്കാരിന്റെ വലിയ പിന്തുണ ഉണ്ട്. എല്ലാം മുന്നോട്ട് നന്നായി കൊണ്ടുപോകാന്‍ പറ്റും എന്നാണ് പ്രതീക്ഷ – അദ്ദേഹം പറഞ്ഞു.ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്സണ്‍ ആയി പ്രിയങ്ക നായര്‍ ചുമതലയേറ്റു. ചലചിത്ര മേഖലയെ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വനിതാ പ്രവര്‍ത്തകരെ ചേര്‍ത്തു പിടിക്കുമെന്നും പ്രിയങ്കാ നായര്‍ പറഞ്ഞു.











