പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി.പി.മുഹമ്മദ് ബഷീര്‍ അറസ്റ്റില്‍

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി.പി.മുഹമ്മദ് ബഷീറിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. എന്‍ഐഎ പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ ഓഫിസുകളിലേക്ക് എന്‍ഐഎ നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് അറസ്റ്റ്. തിരുനാവായ എടക്കുളത്തെ വീട്ടില്‍ നിന്നായിരുന്നു അറസ്റ്റ്. വന്‍ പൊലീസ് സന്നാഹത്തോടെയാണ് സംഘം മുഹമ്മദ് ബഷീറിന്റെ വീട്ടില്‍ എത്തിയത്. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ഇഡിയും എന്‍ഐഎയും എത്തിയത്.

വീട് മുഴുവന്‍ പരിശോധന നടത്തിയ ശേഷം ഏഴ് മണിയോടെയാണ് സി പി മുഹമ്മദ് ബഷീറിനെ അറസ്റ്റ് ചെയ്തത്. വിവരമറിഞ്ഞ് സ്ഥലത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു. പുത്തനത്താണിയില്‍ റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ് നീക്കം ചെയ്തു.

കേരളത്തില്‍ 39 കേന്ദ്രങ്ങളിലാണ് ഒരേസമയം എന്‍ഐഎ റെയ്ഡ് നടക്കുന്നത്. 25 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടന്നു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫിസ് ഉള്‍പ്പെടെ 14 ഓഫിസുകളിലാണ് എന്‍ഐഎ പരിശോധന നടത്തിയത്. റെയ്ഡിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നാണ് എന്‍ഐഎ പറയുന്നത്. എന്‍ഐഎ ഡയറക്ടര്‍ ദിന്‍കര്‍ ഗുപ്ത നേരിട്ടാണ് റെയ്ഡ് ഏകോപിപ്പിക്കുന്നത്.

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ ഇ അബൂബക്കര്‍, നസറുദീന്‍ എളമരം എന്നിവര്‍ എന്‍ഐഎ കസ്റ്റഡിയിലായിട്ടുണ്ട്. കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്ത ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. ഇവരെ എന്‍ഐഎ സ്‌പെഷ്യല്‍ കോടതികളില്‍ ഹാജരാക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *