അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ ലക്ഷ്യമിട്ടത് ഇരട്ടക്കൊലപാതകമെന്ന് പൊലീസ്


abhiram

അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ ലക്ഷ്യമിട്ടത് ഇരട്ടക്കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും ഗൂഢാലോചനയിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. അഭിരാമിന്റെ ഇൻസ്റ്റഗ്രാം ചാറ്റുകൾ ഡിലീറ്റ് ആയതെങ്ങനെയെന്നും അക്കൗണ്ട് മറ്റൊരു പെൺസുഹൃത്തുമായി പങ്കുവെച്ചിരുന്നുവെന്ന കണ്ടെത്തലിന്റെ സാഹചര്യവും പരിശോധിക്കും. കാണാതായ മൊബൈൽ ഫോൺ കണ്ടെത്താനുള്ള തിരച്ചിലും തുടരുകയാണ്.


അതേസമയം, കേസിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് റിപ്പോർട്ട് നൽകി. രാത്രി പത്ത് മണിക്കാണ് അഭിരാമിനെ കാണാനില്ലെന്ന പരാതി ലഭിച്ചതെന്നും അതിന് മുമ്പ് കൊലപാതകം നടന്നിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.പ്രതിയായ 17കാരന്റെ മുൻ കാമുകിയുടെ ഇപ്പോഴത്തെ ആൺസുഹൃത്തിനെ ലക്ഷ്യമിട്ടായിരുന്നു ക്രിമിനൽ സംഘം പദ്ധതി തയ്യാറാക്കിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇയാളെ നേരിട്ട് സ്ഥലത്തെത്തിക്കാൻ കഴിയാത്തതിനാൽ സുഹൃത്തായ അഭിരാമിനെ കെണിയിൽപ്പെടുത്തുകയായിരുന്നു. പ്രതികളിലൊരാളായ അനന്തയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന് ദിവസങ്ങൾക്ക് മുമ്പുതന്നെ അഭിരാമിന് സന്ദേശങ്ങൾ അയച്ചിരുന്നു. തുടർന്ന് ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ പുരയിടത്തിലേക്ക് അഭിരാമിനെ വിളിച്ചുവരുത്തി. ക്രിമിനൽ കേസ് പ്രതിയായ ഉമറും 17കാരനായ പ്രതിയും ഇവിടെ കാത്തുനിന്നിരുന്നു. അപകടം തിരിച്ചറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച അഭിരാമിനെ മർദിച്ച് അവശനാക്കിയ ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.


അഭിരാം ഞായറാഴ്ച വൈകിട്ടോടെ വീട്ടിൽനിന്ന് ഇറങ്ങിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പരാതി ലഭിച്ചയുടൻ അന്വേഷണം ആരംഭിച്ച പൊലീസ് അന്നുതന്നെ ഒന്നാം പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ പ്രായപൂർത്തിയാകാത്തതിനാൽ മാതാപിതാക്കളോടൊപ്പം വിട്ടയച്ചതാണെന്ന് കമ്മീഷണറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൊലപാതകത്തിൽ കൂടുതൽ പേരുടെ പങ്ക്, ഇൻസ്റ്റഗ്രാം സന്ദേശങ്ങൾ, ഡിലീറ്റ് ചെയ്ത ചാറ്റുകൾ, കാണാതായ മൊബൈൽ ഫോൺ എന്നിവ കേന്ദ്രീകരിച്ചാണ് തുടർ അന്വേഷണം. അഭിരാമിന്റെ സംസ്കാരം ഇന്ന് നടക്കും.



Sharing is Caring