നവജാത ശിശുവിനെ പ്രസവിച്ചയുടൻ വലിച്ചെറിഞ്ഞ സംഭവത്തിൽ അമ്മക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്


ഹരിപ്പാട് നവജാത ശിശുവിനെ പ്രസവിച്ചയുടൻ വലിച്ചെറിഞ്ഞ സംഭവത്തിൽ അമ്മക്കെതിരെ വധശ്രമക്കേസെടുത്ത് പൊലീസ്. അവിവാഹിതയായ പെൺകുട്ടി മാനഹാനി ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് എഫ്ഐആർ. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. കടുത്ത വയറു വേദനയേ തുടർന്ന് കഴിഞ്ഞദിവസം രാത്രി 9 മണിയോടെയാണ് 19കാരി ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയിരുന്നത്.


പ്രാഥമിക പരിശോധനയിൽ തന്നെ വിദ്യാർത്ഥിനി ഗർഭിണിയാണെന്ന് ഡോക്ടർമാർക്ക് സംശയം തോന്നിയിരുന്നു. ഇക്കാര്യം യുവതി നിരസിച്ചു. വേദന സംഹാരി നൽകിയിട്ടും വേദന മാറാത്തതിനാൽ നിരീക്ഷണത്തിൽ തുടരാൻ നിർദേശം നൽകി. പുലർച്ചെ ഒരു മണിയോടെ ശുചിമുറിക്കുള്ളിൽ പ്രസവിച്ചു. പൊക്കിൾ കൊടി സ്വയം മുറിച്ചു മാറ്റി കുട്ടിയെ ജനലിലൂടെ പുറത്തേക്ക് എറിയുകയായിരുന്നു.കുറ്റിക്കാട്ടിൽ നിന്ന് കുഞ്ഞിനെ ആശുപത്രി ജീവനക്കാരാണ് വീണ്ടെടുത്തത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ന്യൂ ബോൺ ഐസിയുവിലേക്ക് മാറ്റിയ കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്. അമ്മയും വണ്ടാനത്ത് ചികിത്സയിലാണ്. സംഭവത്തിൽ വീയപുരം പോലീസ് അന്വേഷണം ആരംഭിച്ചു.

online news portal



Sharing is Caring