ഗവർണ്ണറുടെ എല്ലാ നിലപാടുകളും അംഗീകരിക്കാനാവില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി

ഗവർണ്ണറുടെ എല്ലാ നിലപാടുകളും അംഗീകരിക്കാനാവില്ലെന്ന് മുസ്ലീംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. യൂണിവേഴ്സിറ്റി വിഷയത്തിൽ ഗവർണർ സ്വീകരിച്ചത് വ്യത്യസ്തമായ നിലപാടാണ്. വിഷയത്തിൽ ജനാധിപത്യ മാർഗത്തിൽ സഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധിക്കുമെന്നും അദ്ദേഹം കാസർകോട് മാധ്യമങ്ങളോട് പറഞ്ഞു. ഗവർണർക്കെതിരായ നിലപാടിൽ യുഡിഎഫിൽ ഭിന്നതയുണ്ടെന്ന വിമർശനം ശക്തമാകുന്നതിനിടെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

ഇന്നലെ പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ മുസ്ലിംലീഗിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശം ഇതിനോടകം ചർച്ചയായിട്ടുണ്ട്. ഗവർണറുടെ അജണ്ട മനസിലാക്കാൻ പ്രതിപക്ഷ നേതാവിന് കഴിയുന്നില്ലെങ്കിലും മുസ്ലീം ലീഗിന് അതിന് കഴിയുന്നുണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. സർവകലാശാല വിഷയത്തിൽ പ്രതികരിച്ച ലീഗ് നേതാവ് പിഎംഎ സലാം സർക്കാരിനെ കുറ്റപ്പെടുത്തിയെങ്കിലും ഗവർണർക്ക് എതിരെയും ആഞ്ഞടിച്ചതും ശ്രദ്ധേയമായിരുന്നു.

വൈസ് ചാന്‍സിലര്‍മാര്‍ക്കെതിരെ കര്‍ക്കശനിലപാടുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ മുന്നോട്ട് പോകുമ്പോള്‍ ഗവര്‍ണറുടെ ഹിന്ദുത്വരാഷ്ട്രീയം ഉയര്‍ത്തി പ്രതിരോധം തീര്‍ക്കാനാണ് എല്‍ഡിഎഫ് ശ്രമം.സര്‍വകലാശാലകളില്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നുവെന്ന പ്രചരണത്തിന് ന്യൂനപക്ഷവിഭാഗത്തിന്‍റെയാകെ പിന്തുണ കിട്ടുമെന്ന് സിപിഎം കണക്ക്കൂട്ടുന്നു.കോണ്‍ഗ്രസ് നേതൃത്വത്തെ തള്ളി മുസ്ലീംലീഗ് ഗവര്‍ണര്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്നത് രാഷ്ട്രീയമായി ഗുണമുണ്ടാക്കുമെന്നും സിപിഎം കരുതുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *