കോഴിക്കോട്: രോഗാവസ്ഥ ഒരു മനുഷ്യന്റെ ജീവിതത്തിലേക്ക് കടന്നുവരുമ്പോൾ പലപ്പോഴും ആശങ്കയായി മാറുന്നത് ചികിത്സയ്ക്ക് വേണ്ടിവരുന്ന വലിയ പണച്ചെലവാണ്. സാമ്പത്തിക പിന്നാക്കാവസ്ഥ മൂലം ആശുപത്രിവാതിലുകൾക്ക് മുന്നിൽ നിസ്സഹായരാകുന്ന സാധാരണക്കാരുടെ അനുഭവങ്ങൾ നമ്മുടെ സമൂഹത്തിൽ അപൂർവമല്ല. പണമില്ല എന്ന കാരണത്താൽ ഒരാൾക്കും ചികിത്സ അപ്രാപ്യമാകരുത് എന്ന പട്ടാണിയിൽ കുടുംബത്തിന്റെ സദ്ചിന്തയുടെ പ്രായോഗിക രൂപമാണ് കോഴിക്കോട് എൻ.ഐ.ടിക്കു സമീപമുള്ള ഈസ്റ്റ് മലയമ്മയിൽ യാഥാർഥ്യമായ പട്ടാണിയിൽ മെഡികെയർ.പട്ടാണിയിൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ രൂപം നൽകിയ ഈ ആരോഗ്യകേന്ദ്രം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഗുണനിലവാരമുള്ള ചികിത്സ പൂർണമായും സൗജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
ചികിത്സാവകാശം സാമ്പത്തികശേഷിയുടെ അടിസ്ഥാനത്തിൽ നിഷേധിക്കപ്പെടരുതെന്ന വലിയ സന്ദേശമാണ് സ്ഥാപനം മുന്നോട്ടുവയ്ക്കുന്നത്.മുപ്പതിനായിരം ചതുരശ്ര അടിയിലായി സജ്ജീകരിച്ച നാലുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആരോഗ്യകേന്ദ്രത്തിൽ മികച്ച നിലവാരത്തിലുള്ള വിദഗ്‌ധ ചികിത്സയും പുനരധിവാസവും അനുബന്ധ മെഡിക്കൽ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

അത്യാഹിത ചികിത്സ മുതൽ ഡയാലിസിസ് വരെയും, ഫിസിയോതെറാപ്പി മുതൽ പുനരധിവാസം വരെയും, രോഗനിർണയം മുതൽ പാലിയേറ്റീവ് പരിചരണം വരെയും വിവിധ സേവനങ്ങൾ ഒരു കേന്ദ്രത്തിൽ ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് പട്ടാണിയിൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും മാനേജിംഗ് ട്രസ്റ്റിയുമായ അബ്ദുൽ അസീസ് സി.കെ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ദീർഘകാലം തുടരേണ്ട ഡയാലിസിസ് ചികിത്സയുടെ സാമ്പത്തികഭാരം വൃക്കരോഗബാധിതരുള്ള നിരവധി കുടുംബങ്ങളെ പ്രതിസന്ധിയിലാക്കുന്നു. ഈ യാഥാർഥ്യം പരിഗണിച്ചാണ് 22 ഡയാലിസിസ് മെഷീനുകളോടുകൂടിയ അത്യാധുനിക ഡയാലിസിസ് യൂണിറ്റ് ഇവിടെ പ്രവർത്തിക്കുന്നത്.
അർഹരായ രോഗികൾക്കെല്ലാം ഈ സൗകര്യം പൂർണമായും സൗജന്യമായി നൽകും. പ്രതിദിനം 80 പേർക്ക് ഡയാലിസ് സേവനം നൽകാവുന്ന രീതിയിലാണ് യൂണിറ്റ് ക്രമീകരിച്ചിരിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം കേന്ദ്രത്തിലെ ശ്രദ്ധേയമായ സൗകര്യങ്ങളിലൊന്നാണ്. റസിഡന്റ് മെഡിക്കൽ ഓഫീസർമാരുടെയും വിവിധ വിഭാഗങ്ങളിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെയും സേവനം രോഗികൾക്കായി ഒരുക്കിയിട്ടുണ്ട്. വിവിധ സ്പെഷ്യാലിറ്റി ഒ.പി. സേവനങ്ങളിലൂടെ ആവശ്യമായ ചികിത്സ ലഭ്യമാക്കാനും സംവിധാനമുണ്ട്. പൂർണമായും എയർ കണ്ടീഷൻ ചെയ്ത ജനറൽ വാർഡുകൾ സ്ഥാപനത്തിലെ മറ്റൊരു പ്രത്യേകതയാണ്. ചികിത്സ എന്നത് മരുന്നുകളിലോ ശസ്ത്രക്രിയയിലോ മാത്രം ഒതുങ്ങുന്നില്ലെന്ന തിരിച്ചറിവാണ് പുനരധിവാസ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്ക് പിന്നിൽ.
രോഗശേഷമുള്ള ജീവിതത്തിലേക്ക് ഒരാളെ കൈപിടിച്ച് തിരികെ കൊണ്ടുവരിക എന്ന ആശയത്തോടെ മുതിർന്നവർക്കും കുട്ടികൾക്കുമായി ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ഫിസിയോതെറാപ്പി, പുനരധിവാസ സേവനങ്ങൾ ഒരുക്കിയിട്ടുണ്ട്. സ്പെഷ്യലൈസ്ഡ് ഡി-കംപ്രഷൻ, ട്രാക്ഷൻ തെറാപ്പി തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്.ഭിന്നശേഷിക്കാരുടെ പ്രത്യേക ആവശ്യങ്ങൾ പരിഗണിച്ചുള്ള സംവിധാനങ്ങളും കേന്ദ്രത്തിന്റെ പ്രത്യേകതയാണ്. മൾട്ടി-സെൻസറി തെറാപ്പി റൂം, ഇന്റഗ്രേറ്റഡ് തെറാപ്പി റൂം, പ്രത്യേക ഡെന്റൽ ചികിത്സാ സൗകര്യം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
രോഗനിർണയത്തിനാവശ്യമായ ആധുനിക സൗകര്യങ്ങളും കേന്ദ്രത്തിലുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന പൂർണസജ്ജമായ സെൻട്രൽ ലബോറട്ടറി, ഡിജിറ്റൽ എക്സ്-റേ, അൾട്രാസൗണ്ട് സ്‌കാനിംഗ് തുടങ്ങിയ സേവനങ്ങൾ ലഭ്യമാണ്. ചികിത്സയ്ക്കൊപ്പം കൃത്യമായ രോഗനിർണയവും ഒരേ കേന്ദ്രത്തിൽ സാധ്യമാകുന്നത് രോഗികൾക്കും കുടുംബങ്ങൾക്കും വലിയ ആശ്വാസമാണ്.കിടപ്പുരോഗികളുടെ പരിചരണത്തിനും പ്രത്യേക പ്രാധാന്യം നൽകുന്നു. 24 മണിക്കൂറും പാലിയേറ്റീവ് കെയർ പിന്തുണയും പ്രൊഫഷണൽ ഹോം നഴ്‌സിംഗ് സേവനങ്ങളും ലഭ്യമാക്കുന്നു. ഇതുവഴി ആശുപത്രിക്കുള്ളിലെ ചികിത്സയിൽ മാത്രം ഒതുങ്ങാതെ രോഗികളുടെ വീടുകളിലേക്കും പരിചരണസേവനങ്ങൾ എത്തിക്കുന്ന സംവിധാനമാണ് സ്ഥാപനം ഒരുക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
പട്ടാണിയിൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും മാനേജിംഗ് ട്രസ്റ്റിയുമായ അബ്ദുൽ അസീസ് സി.കെ , ട്രസ്റ്റ് വൈസ് ചെയർമാൻ മിസ്‌രി അബ്ദുൽ അസീസ്, സിഇഒ ഫാത്തിമ നഹ്‌ല, ട്രസ്റ്റിമുഹമ്മദ് നിഹാൽ സി.കെ., പട്ടാണിയിൽ മെഡികെയർ മെഡിക്കൽ ഡയറക്ടർഡോ. റമീസ് ഹസ്സൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.











