രവീന്ദ്രന്‍ മാസ്റ്റര്‍ക്കെതിരെ വീണ്ടും വിമര്‍ശനവുമായി പി ജയചന്ദ്രന്‍

അന്തരിച്ച പ്രശസ്ത സംഗീത സംവിധായകന്‍ രവീന്ദ്രനെതിരെ വീണ്ടും വിമര്‍ശനവുമായി ഗായകന്‍ പി.ജയചന്ദ്രന്‍.മലയാള സിനിമാഗാനരംഗത്ത് ദേവരാജന്‍ കൊണ്ടുവന്ന മെലഡി, രവീന്ദ്രന്‍ മാറ്റി സര്‍ക്കസ് കൊണ്ടുവരുകയായിരുന്നെന്ന് ജയചന്ദ്രന്‍ ആരോപിച്ചു. സ്വരം തൃശൂരിന്‍റെ ‘ജയസ്വരനിലാവ്’ പരിപാടിയില്‍ ആദരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രവീന്ദ്രനും യേശുദാസും ചേര്‍ന്ന് സൂപ്പര്‍ ഹിറ്റ് ഗാനങ്ങളുണ്ടാക്കിയെങ്കിലും അതൊന്നും എനിക്കിഷ്ടമല്ല. ചെന്നൈയില്‍ വെച്ച്‌ രവീന്ദ്രനെ യേശുദാസിന് പരിചയപ്പെടുത്തിയത് ഞാനാണ്. അവര്‍ തമ്മില്‍ ഒന്നായി, ഞാന്‍ പുറത്തായി. നല്ലൊരു പാട്ട് തരാന്‍ പറ്റിയില്ലെന്ന് പിന്നീട് ഒരിക്കല്‍ കണ്ടപ്പോള്‍ രവി എന്നോടു പറഞ്ഞിരുന്നു. ദേഷ്യമില്ലന്ന് ഞാനും പറഞ്ഞു. ദേവരാജന്‍, ബാബുരാജ്, കെ. രാഘവന്‍, എം.കെ. അര്‍ജുനന്‍ എന്നിവര്‍ മാത്രമാണ് മാസ്റ്റര്‍ എന്നു വിളിക്കാന്‍ യോഗ്യര്‍. ജോണ്‍സനെ മുക്കാല്‍ മാസ്റ്റര്‍ എന്നു വിളിക്കാം’ -ജയചന്ദ്രന്‍ പറഞ്ഞു

സ്വരം തൃശൂരിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വ്യവസായി സുന്ദര്‍ മേനോനാണ് ജയചന്ദ്രനെ ആദരിച്ചത്. ടി.എന്‍. പ്രതാപന്‍ എം.പി. വിദ്യാധരന്‍, എ. അനന്തപദ്മനാഭന്‍, സുന്ദര്‍ മേനോന്‍, അഡ്വ. ശോഭ ബാലമുരളി തുടങ്ങിയവര്‍ പ്രസംഗിച്ചു

Spread the love

Leave a Reply

Your email address will not be published.