കാസർഗോഡ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്ന് ഒ.പി. പ്രവർത്തനം തുടങ്ങും

പ്രതിഷേധങ്ങൾക്കൊടുവിൽ കാസർഗോഡ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്ന് ഒ.പി. പ്രവർത്തനം തുടങ്ങും. ആരോഗ്യമന്ത്രി വീണാ ജോർജ് ഓൺലൈൻ വഴി പ്രവർത്തന ഉദ്ഘാടനം നിർവഹിക്കും. കാസർഗോഡ് മെഡിക്കൽ കോളജിൽ നിർമ്മാണം പൂർത്തിയായ അക്കാദമിക് ബ്ലോക്കിലാണ് ഒപി പ്രവർത്തനം തുടങ്ങുന്നത്.

നേരത്തെ ഈ ബ്ലോക്ക് കൊവിഡ് ആശുപത്രിയായി പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ മാസം ജില്ല സന്ദർശിച്ച ആരോഗ്യ മന്ത്രി ഡിസംബർ ആദ്യവാരം ഒപി പ്രവർത്തനം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രവർത്തനം തുടങ്ങിയില്ല. കൂടാതെ കാസർഗോഡ് മെഡിക്കൽ കോളേജിൽ നിന്ന് ജീവനക്കാരെ സ്ഥലം മാറ്റുകയും ചെയ്തു. ഇതോടെ സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് എത്തുകയായിരുന്നു.

യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ മെഡിക്കൽ കോളജിൽ സംരക്ഷണ കവചം തീർത്തു. പ്രതീകാത്മക ഒ.പി തുറന്നായിരുന്നു മുസ്‍ലിം ലീഗിന്‍റെ പ്രതിഷേധം. മെഡിക്കൽ കോളജ് പ്രവർത്തന സജ്ജമാക്കാത്തതിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമരം ശക്തമാക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഇന്ന് ഒപി പ്രവർത്തനം തുടങ്ങുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *