പച്ചക്കറി സംഭരണം സംബന്ധിച്ച് തമിഴ്‌നാടുമായി ഇന്ന് ഉദ്യോഗസ്ഥതല ചർച്ച

പച്ചക്കറി സംഭരണം സംബന്ധിച്ച് തമിഴ്‌നാടുമായി സംസ്ഥാനം ഇന്ന് ഉദ്യോഗസ്ഥതല ചർച്ച നടത്തും. തെങ്കാശിയിലാണ് ചർച്ച. ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി നേരിട്ട് സംഭരിക്കുന്നതിന്റെ ഭാഗമായാണ് ചർച്ച. തെങ്കാശിയിൽ സംഭരണകേന്ദ്രം തുറക്കുന്നതും ചർച്ചയാകും.

പച്ചക്കറി വില കുറഞ്ഞാലും തെങ്കാശിയിലെ സംഭരണകേന്ദ്രം നിലനിർത്താനാണ് സർക്കാർ ആലോചന. ഇന്നത്തെ ചർച്ചക്ക് ശേഷം ദക്ഷിണേന്ത്യൻ കൃഷിമന്ത്രിമാരുമായും കൂടിയാലോചനകൾ നടക്കും. വിവിധ സംസ്ഥാനങ്ങളുമായി ബന്ധപ്പെടാൻ 4 ഉദ്യോഗസ്ഥരെയും സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇരട്ടി വിലയാണ് സംസ്ഥാനത്ത് പച്ചക്കറികൾക്ക് ഈടാക്കുന്നത്. കോഴിക്കോട് പാളയം പച്ചക്കറി മാർക്കറ്റിൽ തക്കാളിക്ക് മുൻപ് 45 രൂപയായിരുന്നുവെങ്കിൽ ഇന്നത്തെ വില 90 രൂപയാണ്. 12 രൂപയായിരുന്ന കാബേജിന് 24 രൂപയായി. പയറിന് അൻപത് രൂപയായിരുന്നുവെങ്കിൽ ഇന്നത് 70 രൂപയാണ്. കോവക്ക 40 രൂപയിൽ നിന്ന് 80 രൂപയിലെത്തി. മുരിങ്ങയുടെ വില 90 ൽ നിന്ന് വർധിച്ച് 130 ൽ എത്തി. വെള്ളരിക്ക് 35 രൂപയാണ്. പത്ത് ദിവസം മുൻപ് വരെ 22 രൂപയായിരുന്നു. 25 രൂപയായിരുന്ന വഴുതന്ക്ക് 50 രൂപയായി. ബീറ്റ്‌റൂട്ട് വില 16ൽ നിന്ന് 25 രൂപയും, പടവലത്തിന് 25 രൂപയിൽ നിന്ന് 40 രൂപയും, ചുരങ്ങയ്ക്ക് 22 രൂപയിൽ നിന്ന് 32 രൂപയുമായി.

തമിഴ്‌നാട്ടിൽ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതാണ് തീവിലയ്ക്ക് കാരണമെന്ന് വ്യാപാരികൾ പറയുന്നു. തമിഴ്‌നാട്ടിൽ മഴ കാരണം വെള്ളപ്പൊക്കമായതും കേരളത്തിലേക്കുള്ള പച്ചക്കറി ഇറക്കുമതി കുറഞ്ഞതുമാണ് പച്ചക്കറികളുടെ വരവുകുറയാൻ കാരണം. വിപണിയിൽ പച്ചക്കറി ലഭ്യതയും സാരമായി കുറഞ്ഞിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *