ഒ.ടി.ടി അശ്ലീല സീരിസിന്റെ ചതിയില്‍ പെട്ടുവെന്ന് വ്യക്തമാക്കി തിരുവനന്തപുരത്തെ ബാലരാമപുരം സ്വദേശിയും. ഷോര്‍ട്ട് ഫിലിമിലാണ് അഭിനയിക്കാന്‍ പോയത്. എന്നാല്‍ സീരിസ് റിലീസ് ചെയ്തതോടെയാണ് തനിക്ക് ചതി പറ്റിയത് തിരിച്ചറിഞ്ഞത് എന്നാണ് യുവാവ് പറയുന്നത്.
കബളിപ്പിച്ച് അശ്ലീല വെബ്സൈറ്റില്‍ അഭിനയിപ്പിച്ചു എന്ന പരാതിയുമായി വെങ്ങാന്നൂര്‍ സ്വദേശിയായ യുവാവ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ മലപ്പുറംകാരിയായ യുവതിയും രംഗത്തെത്തിയിട്ടുണ്ട്. തുടര്‍ന്നാണ് ബാലരാമപുരം യുവാവും വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുന്നത്.
മുപ്പത്തിയഞ്ചുകാരനായ യുവാവ് സുഹൃത്ത് വഴിയാണ് ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കാന്‍ എത്തിയത്. വെങ്ങാന്നൂര്‍ സ്വദേശിയുടെ പരാതിയില്‍ പറയുന്ന അതേ സംവിധായികയും ഒ.ടി.ടി പ്ലാറ്റ്ഫോമിന്റെതുമാണ് ഈ സീരിസും. നായകന്റെ കൂട്ടുകാരനായി ഒരു ചിത്രത്തിലും മറ്റൊരു ചിത്രത്തില്‍ സെക്യുരിറ്റിക്കാരനായും യുവാവ് വേഷമിട്ടു.
രണ്ട് ചിത്രങ്ങള്‍ക്കും ആകെ മൂന്ന് ദിവസത്തെ ചിത്രീകരണമാണ് നടന്നത്. മൂവായിരം രൂപ പ്രതിഫലവും. എന്നാല്‍ ഈ ചിത്രങ്ങള്‍ ഒ.ടി.ടിയില്‍ എത്തിയതോടെയാണ് അശ്ലീല സീരിസ് ആണെന്ന് മനസിലാക്കുന്നത്. വെബ്സീരിസിലെ അശ്ലീല ദൃശ്യങ്ങളിലൊന്നും ഈ യുവാവ് ഇല്ലെങ്കിലും അതില്‍ അഭിനയിച്ചതിനാല്‍ നീലച്ചിത്ര നടനെന്ന പേര് വീണു.
പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്നും പൊലീസില്‍ പരാതിപ്പെടാനുള്ള ധൈര്യമില്ലായിരുന്നു എന്നാണ് യുവാവ് പറയുന്നത്. അതേസമയം, വെങ്ങാന്നൂര്‍ സ്വദേശിയായ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സംവിധായികയ്ക്കും ഒ.ടി.ടി പ്ലാറ്റ്ഫോം ഉടമകള്‍ക്കും എതിരെ കേസ് എടുത്തിട്ടുണ്ട്.