കോണ്‍ഗ്രസില്‍ ഭിന്നതയില്ല,പുനഃസംഘടനയില്‍ സന്തോഷം;സച്ചിന്‍ പൈലറ്റ്

രാജസ്ഥാന്‍ മന്ത്രിസഭാ പുനഃസംഘടനയില്‍ സന്തോഷമെന്ന് സച്ചിന്‍ പൈലറ്റ്. കോണ്‍ഗ്രസില്‍ ഭിന്നതയില്ലെന്നും പുനഃസംഘടന കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

‘2023ല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടും. 15 പുതിയ മന്ത്രിമാര്‍ സ്ഥാനമേല്‍ക്കാന്‍ പോകുകയാണ്. ദളിത് പ്രാതിനിധ്യമുള്‍പ്പെടെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ളവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സോണിയ ഗാന്ധി, പ്രിയങ്കാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. ഈ ഗ്രൂപ്പ്, ആ ഗ്രൂപ്പ് എന്നിങ്ങനെയില്ല. തീരുമാനങ്ങള്‍ എല്ലാവരും ചേര്‍ന്നാണ് കൈകൊള്ളുന്നത്.

പാര്‍ട്ടിയെ സംബന്ധിച്ച് ഭാവിയില്‍ കൂടുതല്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ പുതിയ ആളുകളെ രംഗത്തിറക്കുകയും വേണം. ബിജെപിയുടെ നയങ്ങളെല്ലാം ജനങ്ങള്‍ തള്ളിക്കളഞ്ഞു. പ്രധാനമന്ത്രി കാര്‍ഷിക ബില്ലുകള്‍ പിന്‍വലിച്ചതും നാം കണ്ടു. വലിയ രാഷ്ട്രീയ സമ്മര്‍ദത്തെയാണ് ഇത് സൂചിപ്പിക്കുന്നത്’. സച്ചിന്‍ പൈലറ്റ് പറഞ്ഞു.

വൈകിട്ട് 4 മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. 11 ക്യാബിനറ്റ് മന്ത്രിമാരും 4 സഹമന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. സച്ചിന്‍ പൈലറ്റ് ക്യാമ്പില്‍ നിന്ന് 5 പേര്‍ ക്യാബിനെറ്റ് പദവിയിലുണ്ടാകും. പുനഃസംഘടനയുടെ മുന്നോടിയായി എല്ലാ മന്ത്രിമാരും ശനിയാഴ്ച രാജിവെച്ചിരുന്നു. നിലവിലെ മന്ത്രിമാരില്‍ ഒരു വിഭാഗം തുടരുമ്പോള്‍ പൈലറ്റിനോട് ഒപ്പമുള്ളവരെയും ബിഎസ്പിയില്‍ നിന്നെത്തിയ എംഎല്‍എമാരില്‍ ചിലരെയും പുതിയതായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതാണ് പ്രധാന വ്യത്യാസം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *