സംസ്ഥാനത്തിന് ആശ്വാസ വാർത്ത; എട്ട് പേർക്കും നിപ നെ​ഗറ്റീവ്

സംസ്ഥാനത്തിന് ആശ്വാസ വാർത്ത. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ള എട്ട് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്. മൂന്നു വീതം 24 സാമ്പിൾ അയച്ചിരുന്നു. ഈ സാമ്പിളുകളെല്ലാം നെ​ഗറ്റീവായി. കുട്ടിയുടെ രക്ഷിതാക്കൾ അടക്കം നെഗറ്റീവാണെന്ന് ആരോ​ഗ്യമന്ത്രി അറിയിച്ചു.

കൂടുതൽ പേരുടെ സാമ്പിൾ ഇന്ന് പരിശോധിക്കും. 48 പേരാണ് മെഡിക്കൽ കോളജുകളിലുള്ള ഹൈ റിസ്ക് കാറ്റഗറിയിൽ നിലവിലുള്ളത്. വയനാട്- 4 എറണാകുളം – 1, കോഴിക്കോട് – 31, മലപ്പുറം – 8, കണ്ണൂർ – 3, പാലക്കാട് 1 എന്നിങ്ങനെയാണ് ഈ വിഭാ​ഗത്തിലുള്ളവരുടെ എണ്ണം. പുലർച്ചെ അഞ്ചു പേരുടെ സാമ്പിൾ പരിശോധന നടത്തിയിട്ടുണ്ട്. ഫലം ഇന്ന് തന്നെ പുറത്ത് വരും.

കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിക്കുന്നത് കഴിഞ്ഞ ദിവസമാണ്. കോഴിക്കോട് പന്ത്രണ്ട് വയസുകാരന്റെ മരണകാരണം നിപയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സംസ്ഥാനത്ത് വീണ്ടും നിപ സാന്നിധ്യം സ്ഥിരീകരിച്ചത്. മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 251 പേരിൽ 54 ഹൈറിസ്ക് വിഭാ​ഗത്തിലാണെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 38 പേർ ആശുപത്രി ഐസൊലേഷനിലാണ്. പതിനൊന്ന് പേർക്ക് രോ​ഗലക്ഷണങ്ങളുണ്ട്. ഇതിൽ എട്ട് പേരുടെ പരിശോധനാ ഫലമാണ് ഇപ്പോൾ നെ​ഗറ്റീവായത്. ഹൈറിസ്ക് വിഭാ​ഗത്തിലുള്ള 54 പേരിൽ 30 പേർ ആരോ​ഗ്യപ്രവർത്തകരാണെന്നും മന്ത്രി അറിയിച്ചു. രോ​ഗലക്ഷണങ്ങളുള്ള പതിനൊന്ന് പേരുടേയും ആരോ​ഗ്യ നില തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *