10 സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ എന്‍ഐഎ റെയ്ഡ്;നിരവധി നേതാക്കള്‍ കസ്റ്റഡിയില്‍

കേരളത്തില്‍ 39 കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്. 25 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടന്നു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫിസ് ഉള്‍പ്പെടെ 14 ഓഫിസുകളിലാണ് എന്‍ഐഎ പരിശോധന നടത്തിയത്. റെയ്ഡിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നാണ് എന്‍ഐഎ പറയുന്നത്. എന്‍ഐഎ ഡയറക്ടര്‍ ദിന്‍കര്‍ ഗുപ്ത നേരിട്ടാണ് റെയ്ഡ് ഏകോപിപ്പിക്കുന്നത്.

പത്ത് സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീട്ടിലുമായി പുലര്‍ച്ചെ മുതല്‍ എന്‍ഐഎ നടത്തിയ റെയ്ഡ്. കേരളത്തിനുപുറമെ തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, യുപി തുടങ്ങിയ ഇടങ്ങളിലുമാണ് റെയ്ഡ്. ഇഡിയുമായി ചേര്‍ന്നാണ് പരിശോധന.

റെയ്ഡില്‍ നേതാക്കളടക്കം നൂറ് പേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. പോപ്പുലര്‍ഫ്രണ്ട് ദേശീയ ചെയര്‍മാന്‍, ദേശീയ സെക്രട്ടറി, സംസ്ഥാനപ്രസിഡന്റ് എന്നിവരെ മലപ്പുറത്തുനിന്ന് കസ്റ്റഡിയിലെടുത്തു. സംസ്ഥാനകമ്മിറ്റി ഓഫീസിലെ മുന്‍ അക്കൗണ്ടന്റിനേയും മലപ്പുറത്തുനിന്ന് കസ്റ്റഡിയിലെടുത്തു.

പോപ്പുലര്‍ഫ്രണ്ട് സംസ്ഥാനസമിതി അംഗത്തേയും എസ്ഡിപിഐ സംസ്ഥാനസെക്രട്ടറിയേയും തൃശൂരില്‍ നിന്നും എസ്ഡിപിഐ ജില്ലാനേതാക്കളടക്കം മൂന്നുപേരെ കോട്ടയം ജില്ലയില്‍നിന്നും കസ്റ്റഡിയിലെടുത്തു. കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫിസിലും ജില്ലാ കമ്മിറ്റി ഓഫിസുകളിലും നടത്തിയ പരിശോധനയില്‍ നാല് മൊബൈലും പെന്‍ഡ്രൈവും ലഘുലേഖകളും പിടിച്ചെടുത്തു.

റെയ്ഡിനെതിരെ പലയിടത്തും പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ട്. റെയ്ഡില്‍ പ്രതികരിച്ച് എസ്ഡിപിഐ സംസ്ഥാന നേതൃത്വം വാര്‍ത്താകുറിപ്പ് പുറത്തിറക്കി. പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഐഎ, ഇഡി എന്നീ കേന്ദ്ര ഏജന്‍സികള്‍ അര്‍ദ്ധരാത്രി തുടങ്ങിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് എസ്ഡിപിഐ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *