പാസ്‌വേഡ് പങ്കുവെക്കൽ പൂർണമായി അവസാനിപ്പിക്കാനൊരുങ്ങി നെറ്റ്ഫ്ലിക്സ്

പാസ്‌വേഡ് പങ്കുവെക്കൽ പൂർണമായി അവസാനിപ്പിക്കാനൊരുങ്ങി ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. നേരത്തെ തന്നെ ഇക്കാര്യം നെറ്റ്ഫ്ലിക്സ് തീരുമാനിച്ചിരുന്നെങ്കിലും ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ ഇടിവിനെ തുടർന്ന് ഇത് പെട്ടെന്ന് നടപ്പിലാക്കാൻ തീരുമാനിക്കുകയായിരുന്നു. ‘പാസ്‌വേഡ് പങ്കുവക്കുന്നത് കൂടുതൽ ആളുകളിലേക്ക് നെറ്റ്ഫ്ലിക്സ് എത്താനും കൂടുതൽ പേർ ഇത് ആസ്വദിക്കാനും സഹായകമാവും. ഒരു വീട്ടിൽ താമസിക്കുന്ന അംഗങ്ങൾക്കിടയിൽ പാസ്‌വേഡ് പങ്കുവെക്കൽ എളുപ്പമാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഇങ്ങനെയൊക്കെ ആണെങ്കിലും ഇതേപ്പറ്റി ചില ആശങ്ക നിലനിൽക്കുന്നുണ്ട്.’- നെറ്റ്ഫ്ലിക്സ് പറഞ്ഞു.

വീടിനു പുറത്തേക്ക് അക്കൗണ്ട് വിവരങ്ങൾ പങ്കുവെക്കാൻ അധിക തുക ഈടാക്കാനാണ് നെറ്റ്ഫ്ലിക്സിൻ്റെ നീക്കം. ചിലി, കോസ്റ്റ റിക്ക, പെറു തുടങ്ങിയ രാജ്യങ്ങളിൽ ഇതിൻ്റെ പരീക്ഷണം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. നിലവിൽ പലർ ചേർന്ന് നെറ്റ്ഫ്ലിക്സ് അക്കൗണ്ട് എടുത്ത് പാസ്‌വേഡ് പങ്കുവച്ച് ഉപയോഗിക്കുകയാണ് പതിവ്. പുതിയ രീതി നിലവിൽ വന്നാൽ ഈ പതിവിനു മാറ്റമുണ്ടായേക്കും.

ആഗോള തലത്തിൽ രണ്ട് ലക്ഷം ഉപഭോക്താക്കളെയാണ് ഈ സാമ്പത്തിക വർഷം ആദ്യ പകുതിയിൽ നഷ്ടമായത്. ഇനി മുതൽ നെറ്റ്ഫ്ലിക്സ് പ്ലാനുകളിൽ കാതലായ മാറ്റങ്ങൾ ഉണ്ടായേക്കും എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ഇനി മുതൽ അക്കൗണ്ട് പങ്ക് വെക്കാനും പാസ്‌വേഡ് പങ്ക് വെക്കുന്നതും കർശനമായി നിയന്ത്രിക്കാൻ സാധ്യതയുണ്ട്. ഇന്ത്യയിൽ നിലവിൽ പ്രീമിയം നെറ്റ്ഫ്ലിക്സ് അക്കൗണ്ടിന് 649 രൂപയാണ് വില. ഇതിൽ സാധാരണയായി ഒരേ സമയം നാല് പേർക്കാണ് അനുവദിക്കുക. ഈ കാരണങ്ങൾ കൊണ്ട് തന്നെ ആളുകൾ പാസ്‌വേഡ് പങ്കുവെക്കുകയും നാല് ആളുകൾക്ക് പല ഉപകരണങ്ങളിൽ നിന്ന് നെറ്റ്ഫ്ലിക്സ് ലോ​ഗിൻ ചെയ്യാൻ സാധിക്കുകയും ചെയ്യുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *