മൂവാറ്റുപുഴ പോക്സോ കേസ്; മാത്യു കുഴൽനാടനെതിരെ ഉറച്ച നിലപാടുമായി ഡിവൈഎഫ്ഐ

പോക്‌സോ കേസ് പ്രതിയെ മാത്യൂ കുഴല്‍നാടന്‍ എംഎല്‍എ ഒളിവില്‍ പാര്‍പ്പിക്കുന്നുവെന്ന് ഡിവൈഎഫ്‌ഐ നേതാവ് എഎ റഹീം. വിഷയത്തില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പോക്‌സോ കേസ് പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് കുഴല്‍നാടന്റേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിയുമായി അടുത്ത ബന്ധമുള്ള കുഴല്‍നാടന്‍ ഫോണ്‍ രേഖകള്‍ പരസ്യപ്പെടുത്താന്‍ ധൈര്യമുണ്ടോയെന്നും റഹീം വെല്ലുവിളിച്ചു. കേസിലെ പ്രതി പൊലീസിന് മുന്നില്‍ ഹാജരാകുന്നത് വരെ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് നേരത്തെ ഡിവൈഎഫ് വ്യക്തമാക്കിയിരുന്നു.

പോക്സോ കേസിലെ ഒന്നാം പ്രതിയായ പോത്താനിക്കാട് ഇടശേരികുന്നേല്‍ റിയാസിനെ സഹായിക്കുകയും ഇരയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഷാന്‍ മുഹമ്മദിനെ എംഎല്‍എ സംരക്ഷിക്കുന്നുവെന്നാണ് ഡിവൈഎഫ്‌ഐ ആരോപണം. നേരത്തെ ഷാന്‍ മുഹമ്മദിന് വേണ്ടി മുന്‍കൂര്‍ ജാമ്യാപേക്ഷ എംഎല്‍എ ഫയല്‍ ചെയ്യുകയും ചെയ്തെന്ന കാണിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരെ സ്പീക്കര്‍ എം ബി രാജേഷിന് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയിരുന്നു.

പ്രതിയെ പിന്തുണച്ചും സംരക്ഷിക്കുമെന്ന് പരസ്യമായി പറഞ്ഞും ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്ത എംഎല്‍യുടെ നടപടി ഒരു നിയമസഭാ അംഗം എങ്ങനെയൊക്കെ സഭയ്ക്ക് പുറത്ത് പെരുമാറണം എന്നുള്ള പെരുമാറ്റ ചട്ടങ്ങളുടെയും പൊതുവായ സദാചാര തത്വങ്ങളുടെയും ലംഘനമാണെന്ന് നോട്ടീസ് ആരോപിക്കുന്നു. മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഈ പ്രവര്‍ത്തികള്‍ എംഎല്‍എ പദവിക്ക് കളങ്കമായി തീരുകയും ഇതുവഴി അംഗങ്ങളുടെയും സഭയുടെയും അന്തസ്സിന് ഹാനി വരുത്തുകയും ചെയ്തെന്നും നോട്ടീസില്‍ പറയുന്നു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ എം വിജിന്‍ എംഎല്‍എ പരാതി നല്‍കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *