യൂറോപ്പില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് കുരങ്ങുപനി സ്ഥിരീകരിച്ചതോടെ ലോകാരോഗ്യസംഘടന അടിയന്തര യോഗം വിളിച്ചു

യൂറോപ്പില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് കുരങ്ങുപനി സ്ഥിരീകരിച്ചതോടെ ലോകാരോഗ്യസംഘടന അടിയന്തര യോഗം വിളിച്ചു. കാനഡക്ക് പിറകെ ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, പോര്‍ച്ചുഗല്‍, സ്പെയിന്‍, സ്വീഡന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലും കുരങ്ങുപനി കണ്ടെത്തിയിരുന്നു. ആഫ്രിക്കയില്‍ സാധാരണയായി കണ്ടുവന്നിരുന്ന കുരങ്ങുപനി അടുത്തിടെ യൂറോപ്പിലെയും അമേരിക്കയിലെയും വിവിധ ഇടങ്ങളിലേക്ക് പടര്‍ന്നത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
യൂറോപ്പില്‍ ഇതുവരെ 100-ലധികം കേസുകള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് ലോകാരോഗ്യസംഘടന വെള്ളിയാഴ്ച അടിയന്തരയോഗം ചേര്‍ന്നത്. എട്ടോളം യൂറോപ്യന്‍ രാജ്യങ്ങളിലാണ് രോഗം കണ്ടെത്തിയത്.

എന്നാല്‍ കോവിഡ് 19ല്‍ നിന്ന് വ്യത്യസ്തമായാണ് കുരങ്ങുപനി പടരുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഭയപ്പെടാനില്ലെന്നും രോഗം പടരുന്നുണ്ടെങ്കില്‍ അതിനെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ അറിയിക്കണമെന്നും ലോകാരോഗ്യസംഘടന അറിയിച്ചു. കുരങ്ങുപനി ബാധിച്ചേക്കാവുന്ന ആളുകളെ കണ്ടെത്തുന്നതിനും അവര്‍ക്ക് വേണ്ട ചികിത്സയും പിന്തുണയും നല്‍കുന്നതിനും രോഗം കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനും അതത് രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.

അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകരുന്നതിനാല്‍ രോഗികളുമായി ബന്ധപ്പെടുന്നവരെ നിരീക്ഷിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍, രോഗികളുടെ വീട്ടുകാര്‍, ലൈംഗിക പങ്കാളികള്‍ എന്നിവര്‍ക്കാണ് രോഗം വേഗത്തില്‍ പടരാന്‍ സാധ്യതയുള്ളത്. അതേ സമയം രോഗത്തിന്റെ പേരില്‍ ആളുകളെ അപകീര്‍ത്തിപ്പെടുത്തുന്നതും ഒറ്റപ്പെടുത്തുന്നതും ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ഇത് രോഗവ്യാപനത്തെ തടയുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങാകുമെന്നും ലോകാരോഗ്യസംഘടന ഓര്‍മിപ്പിച്ചു. ആളുകളെ ഒറ്റപ്പെടുത്തുന്നതിലൂടെ രോഗികള്‍ക്ക് ചികിത്സ തേടാന്‍ മടിക്കുമെന്നും ഇത് രോഗം കൂടുതല്‍ വ്യാപിക്കാന്‍ ഇടയാക്കുമെന്നും ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പ് നല്‍കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *