ഇറാൻ്റെ സൈനിക നേതൃത്വത്തിൽ വൻ അഴിച്ചുപണി പ്രഖ്യാപിച്ച് പരമോന്നത നേതാവ് മൊജ്തബ ഖമനയി. ആറ് ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ ഖമേനി പ്രഖ്യാപിച്ചത്. ദേശീയ സുരക്ഷാ മേധാവിയായി മൊഹ്സൻ റെസായിയെയും സായുധസേനയുടെ ചീഫ് ഓഫ് സ്റ്റാഫായി അലി അബ്ദുള്ളാഹിയെയും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) കമാൻഡർ-ഇൻ-ചീഫായി അഹ്മദ് വാഹിദിയെയും നിയമിച്ചു. അലി അസ്മായിയാണ് പുതിയ IRGC നാവികസേനാ കമാൻഡർ. ഖമനയിയുടെ വിശ്വസ്തനും മുൻ രഹസ്യാന്വേഷണ മേധാവിയുമായ ഹൊസൈൻ തായിബാണ് ഐആർജിസിക്ക് കീഴിലുള്ള സന്നദ്ധ അർധസൈനിക വിഭാഗമായ ബസീജിന്റെ പുതിയ മേധാവി.
മൊജ്തബ ഖമേനി നടത്തിയ സൈനിക നേതൃത്വത്തിലെ അഴിച്ചുപണി ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ രാഷ്ട്രീയ സ്വാധീനം വർധിക്കുന്നതിന്റെയും അമേരിക്കയുമായുള്ള ചർച്ചകളിൽ ഇറാൻ സ്വീകരിക്കുന്ന കടുത്ത നിലപാടിന്റെയും സൂചനയായാണ് വിദഗ്ധർ വിലയിരുത്തുന്നത്.അമേരിക്കയിൽ നിന്ന് ആനുകൂല്യങ്ങൾ നേടിയെടുക്കാനുള്ള ഏക മാർഗം സമ്മർദ്ദം ശക്തമാക്കി പോരാട്ടം തുടരുകയും അതുവഴി പ്രസിഡന്റ് ഡോണൾഡ് ട്രംപിന് തുടർച്ചയായി സമ്മർദം സൃഷ്ടിക്കുകയും ചെയ്യണമെന്ന നിലപാടുകാരാനായാണ് മൊഹ്സൻ റെസായി അറിയപ്പെടുന്നത്. അതിനാൽ തന്നെ ഇറാൻ പോരാട്ടം തുടരുമെന്നതിൻ്റെ സൂചനയായാണ് ദേശീയ സുരക്ഷാ മേധാവിയായി മൊഹ്സൻ റെസായിയെ നിയോഗിച്ചത് വിലയിരുത്തപ്പെടുന്നത്.

ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായും അടുത്ത ബന്ധമുള്ളയാളാണ് മൊഹ്സൻ റെസായി. റെസായിയുടെ പുതിയ നിയമനം ഇറാനിൽ ഐആർജിസിയുടെ വർധിച്ചുവരുന്ന സ്വാധീനമാണ് വ്യക്തമാക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. സംഘർഷം നീട്ടിക്കൊണ്ടുപോകാനും അമേരിക്കയിലെ മിഡ്‌ടേം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്രംപിൻ്റെ മേൽ സമ്മർദ്ദം ശക്തമാക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമാണ് മൊഹ്സൻ റെസായിയുടെ നിയമനമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.ഐആർജിസി കമാൻഡർ-ഇൻ-ചീഫായി അഹ്മദ് വാഹിദിയെയും ഖമേനിയുടെ അടുത്ത വിശ്വസ്തനും മുൻ രഹസ്യാന്വേഷണ മേധാവിയുമായ ഹൊസൈൻ തായിബിനെ ഐആർജിസി അർധസൈനിക വിഭാഗമായ ബസീജിന്റെ മേധാവിയായി നിയമിച്ചതും സുരക്ഷാ സംവിധാനങ്ങൾക്ക് ആധിപത്യമുള്ള ഭരണകൂടമായി ഇറാനിലെ ഇസ്ലാമിക റിപ്പബ്ലിക് മാറുന്നതിൻ്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
ഇറാനിലെ വർധിച്ചുവരുന്ന സാമ്പത്തിക പ്രതിസന്ധി മറ്റൊരു ജനകീയ പ്രക്ഷോഭത്തിന് കാരണമായാൽ അതിനെ നേരിടാനുള്ള നീക്കമെന്ന നിലയിലാണ് നിർണായക സ്ഥാനങ്ങളിൽ മൊജ്തബ ഖമനയി വിശ്വസ്തരെ നിയമിച്ചതെന്നാണ് വിലയിരുത്തൽ. പരമോന്നത നേതാവ് പുതിയതായി നിയമിച്ച ആറ് പേരിൽ ഭൂരിഭാഗം പേർക്കും രഹസ്യാന്വേഷണ വിഭാഗത്തിൽ പ്രവർത്തിച്ച പശ്ചാത്തലമുണ്ടെന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സൈനിക നടപടികളേക്കാൾ സുരക്ഷാ-രഹസ്യാന്വേഷണ സംവിധാനങ്ങളെ ഇറാൻ കൂടുതൽ ആശ്രയിക്കുന്നുവെന്നതിന്റെ സൂചനയാണിതെന്നാണ് വിദഗ്ധർ പറയുന്നത്.
ഇതിനിടെ പരമോന്നത നേതാവ് മൊജ്തബ ഖമനയിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. അടുത്തിടെ പരമോന്നത നേതാവുമായി ഏഴ് മണിക്കൂർ കൂടിക്കാഴ്ച നടത്തിയെന്നാണ് ഇറാൻ പ്രസിഡൻ്റ് പറഞ്ഞത്. അധികാരമേറ്റെടുത്തതിന് ശേഷം പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും മൊജ്തബ ഖമനയി പൂർണ ആരോഗ്യവാനാണെന്നും പെസഷ്കിയാൻ സ്ഥിരീകരിച്ചു.











