മോഫിയ പർവീനിന്റെ ആത്മഹത്യ;സംഭവത്തിൽ രാഷ്ട്രീയ ഇടപെടലുണ്ട്: അൻവർ സാദത്ത് എംഎൽഎ

മുൻ ആലുവ സിഐ സിഎൽ സുധീറിന് ഉന്നതബന്ധമുണ്ടെന്ന് എംഎൽഎ അൻവർ സാദത്ത്. സംഭവത്തിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്നും മുൻപ് പലതവണ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും അൻവർ സാദത്ത് എംഎൽഎ പറഞ്ഞു.

പെൺകുട്ടിയുടെ മരണമൊഴിയിലാണ് സിഐയ്ക്കെതിരെ പരാമർശമുള്ളത്. എന്നിട്ടും അയാളെ സംരക്ഷിക്കുന്നു. ഇത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണ്. സർക്കാർ കണ്ണ് തുറക്കണം. മുഖ്യമന്ത്രി മൗനം വെടിയണം. ഇതിൽ ഇടപെടണം. ഇതിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് ഞങ്ങൾ സംശയിക്കുന്നു. സസ്പൻഷനുള്ള ക്ലിയറൻസ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇതുവരെ നൽകിയിട്ടില്ലെന്നാണ് ഇപ്പോൾ അറിയാൻ കഴിഞ്ഞത്. കൊല്ലത്തുള്ള ഉന്നതരായിട്ടുള്ള രാഷ്ട്രീയക്കാരുമായി സിഐക്ക് ബന്ധമുണ്ടെന്നാണ് അറിഞ്ഞത് എന്നും അൻവർ സാദത്ത് പറയുന്നു.

മോഫിയ പർവീനിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഡിവൈഎസ്പിയുടെ റിപ്പോർട്ട് സിഐക്ക് അനുകൂലമായിരുന്നു. സിഐ സിഎൽ സുധീറിന് വീഴ്ച പറ്റിയിട്ടില്ലെന്ന് എസ്പിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ ചെറിയ പാളിച്ചയുണ്ടായി. യുവതി ഭർത്താവിനെ സ്റ്റേഷനിൽ വച്ച് മർദിച്ചപ്പോൾ ശാസിക്കുക മാത്രമാണുണ്ടായതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

സുധീറിനെതിരെ കോൺഗ്രസിൻ്റെ സമരം തുടരുകയാണ്. അൻവർ സാദത്തിൻ്റെ സാന്നിധ്യത്തിലാണ് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ മുൻ സിഐ ആയ സിഎൽ സുധീറിനെതിരെ കോൺഗ്രസിൻ്റെ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. ഇതിനു പിന്നാലെ എംപി ബെന്നി ബെഹനാൻ സമരത്തിനൊപ്പം ചേർന്നു. തുടർന്ന് ഇന്നലെ വൈകുന്നേരം സുധീറിനെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് വന്നെങ്കിലും അത് പോരെന്ന് സമരക്കാർ പറയുന്നു. സുധീറിനെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്നും അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് പറയുന്നു.

അതേസമയം ആലുവ സിഐ സിഎൽ സുധീറിനെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്ന് മോഫിയ പർവീൻ്റെ ഉമ്മ ഫാരിസ പറഞ്ഞിരുന്നു. പൊലീസിൻ്റെ ഭാഗത്തുനിന്ന് വളരെ മോശമായ അനുഭവമാണ് മകൾക്ക് ഉണ്ടായതെന്നും അതുകൊണ്ടാണ് അവൾ ജീവനൊടുക്കിയതെന്നും ഉമ്മ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് എടയപ്പുറം സ്വദേശി മോഫിയ പര്‍വിനെ (23) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പെഴുതി വച്ചിട്ടായിരുന്നു ആത്മഹത്യ. ആത്മഹത്യാ കുറിപ്പില്‍ ആലുവ സിഐക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉണ്ടായിരുന്നത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിനു പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്.

You may also like ....

Leave a Reply

Your email address will not be published. Required fields are marked *