വിഴിഞ്ഞം സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി ദേവർകോവിൽ

വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കേണ്ടത് കേരളത്തിന്റെ പൊതു ആവശ്യമാണെന്നും സംസ്ഥാനത്തിനുണ്ടാകുന്ന നേട്ടങ്ങൾ കണക്കിലെടുത്ത് സമരം പിന്‍വലിച്ച് നാടിന്റെ വികസനവീഥിയില്‍ അണിചേരുവാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തിരമായി തയ്യാറാകണമെന്നും തുറമുഖം മന്ത്രി അഹ്മദ് ദേവർകോവിൽ. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായാൽ സംസ്ഥാനത്തിനുണ്ടാകുന്ന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് മന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഇന്ത്യയിലെ ചരക്ക് നീക്കത്തിന്റെ 30 ശതമാനത്തോളം വിഴിഞ്ഞം അന്താരാഷ്ട്ര കപ്പല്‍ ചാലിലൂടെയാണെങ്കിലും ചരക്ക് നീക്കത്തിന്റെ മുക്കാല്‍ പങ്കും നിലവില്‍ കൊളമ്പോയില്‍ നിന്നുമാണ് കൈകാര്യം ചെയ്യുന്നത്. ഇതുവഴി പ്രതിവര്‍ഷം 2,000 കോടിയുടെ നഷ്ടം രാജ്യത്തിനുണ്ടെന്നാണ് അനുമാനിക്കുന്നത്. വിഴിഞ്ഞം യാഥാര്‍ഥ്യമാകുന്നതോടെ ഇതില്‍ 1500 കോടിയുടെ ചരക്കുനീക്കം വിഴിഞ്ഞത്തുണ്ടാകും. തുറമുഖ നിര്‍മ്മാണത്തിന്റെ ആദ്യഘട്ടത്തിലെ 400 മീറ്ററിന്റെ രണ്ട് ബെര്‍ത്തുകള്‍ പ്രവര്‍ത്തനക്ഷമമായാല്‍ തന്നെ ആദ്യവര്‍ഷം ചുരുങ്ങിയത് 200 കോടിയുടെ ക്രയവിക്രയവുമുണ്ടാകും. ഇത് യഥാക്രമം 7822 കോടിയിലെത്തുമെന്നാണ് കണക്ക്.

7700 കോടി രൂപ ചിലവില്‍ ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ ഒരു ദശലക്ഷം ടി ഇ യു കണ്ടയ്നര്‍ കൈകാര്യം ചെയ്യാന്‍ തുറമുഖം പ്രാപ്തമാകും. അനുബന്ധ വികസനങ്ങളും പതിനായിരക്കണക്കിന് തൊഴില്‍ സാധ്യതകളും വേറെയുമുണ്ടാകും. ഇത് കേരളത്തിന്റെ വിശിഷ്യാ തിരുവനന്തപുരത്തിന്റെ മുഖഛായ തന്നെ മാറ്റും. കൂടാതെ വിഴിഞ്ഞത്തെത്തുന്ന ചരക്കുകള്‍ ഫീഡര്‍ വെസലുകള്‍ വഴി സംസ്ഥാനത്തെ മറ്റ് ചെറുകിട തുറമുഖങ്ങളിലും എത്തിക്കുവാന്‍ കഴിയുമെന്നും മന്ത്രി വിശദീകരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *