ബാലണ്‍ ഡി ഓര്‍ നേട്ടത്തില്‍ മെസി

ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ലോക ഫുട്ബോളിലെ അതിവിശിഷ്ട ബഹുമതിയായ ബാലണ്‍ ഡി ഓറില്‍ ഏഴാം തവണയും മുത്തമിട്ടിരിക്കുകയാണ്. ജര്‍മ്മന്‍ ടീം ബയേണ്‍ മ്യൂണിച്ചിന്റെ പോളണ്ടുകാരനായ ഫോര്‍വേഡ് റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയെ മറികടന്നാണ് മെസി ഒരിക്കല്‍ക്കൂടി ഈ നേട്ടത്തിലെത്തിയത്. ലെവന്‍ഡോവ്സ്‌കിയുടെ എതിരാളിയായതില്‍ ഏറെ അഭിമാനമുണ്ടെന്ന് മെസി പറഞ്ഞു.

‘ലെവന്‍ഡോവ്സ്‌കി, നിങ്ങളുടെ എതിരാളിയായതില്‍ എനിക്കേറെ അഭിമാനമുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരത്തിന് നിങ്ങളായിരുന്നു അര്‍ഹന്‍. കഴിഞ്ഞ വര്‍ഷം എല്ലാവരും നിങ്ങളാണ് വിജയിയെന്ന് അംഗീകരിച്ചിരുന്നു. ഫ്രാന്‍സ് ഫുട്‌ബോള്‍ നിങ്ങള്‍ക്ക് അര്‍ഹതയുള്ള ബാലണ്‍ ഡി ഓര്‍ നല്‍കണം എന്നാണു ഞാന്‍ കരുതുന്നത്. ഫ്രാന്‍സ് ഫുട്‌ബോളത് നല്‍കുമെന്നും നിങ്ങള്‍ക്കത് വീട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയുമെന്നും അവിടെ സൂക്ഷിക്കാന്‍ കഴിയുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.’ പുരസ്‌കാര നേട്ടത്തിന് പിന്നാലെ സംസാരിക്കവേ മെസി പറഞ്ഞു.

കോവിഡ് മൂലം 2020-ലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരുന്നില്ല. 2019-ല്‍ മെസി തന്നെയാണ് പുരസ്‌കാരം സ്വന്തമാക്കിയത്. 2009, 2010, 2011, 2012, 2015 വര്‍ഷങ്ങളിലും മെസി ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തില്‍ മുത്തമിട്ടു. ഇത്തവണ 613 പോയന്റ് നേടിയാണ് മെസി ഒന്നാം സ്ഥാനത്തെത്തിയത്. ലെവന്‍ഡോവ്സ്‌കിയ്ക്ക് 580 പോയന്റാണ് ലഭിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *