അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും കനത്ത തിരിച്ചടി


trump

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും കനത്ത തിരിച്ചടി. യുഎസ് കോൺഗ്രസിന്റെ ഇരു സഭകളിലും ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ ഡെമോക്രാറ്റുകൾക്ക് നിർണായക മുന്നേറ്റം. മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വിജയമാണ് ഡെമോക്രാറ്റുകൾ സ്വന്തമാക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ട്രംപിന്റെ ഭരണശൈലിക്കെതിരായ ജനവിധിയായാണ് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നത്. ട്രംപിന്റെ വിശ്വസ്തനും ഇന്ത്യൻ വംശജനുമായ വിവേക് രാമസ്വാമി ഉൾപ്പെടെ റിപ്പബ്ലിക്കൻ പാർട്ടിയിലെ പ്രമുഖർക്കും പരാജയം നേരിടേണ്ടിവന്നു.ടെക്സസ്, കാൻസസ്, സൗത്ത് കരോലിന, ഒഹായോ, നോർത്ത് കരോലിന, ഐയോവ തുടങ്ങിയ റിപ്പബ്ലിക്കൻ ശക്തികേന്ദ്രങ്ങളിൽ ഡെമോക്രാറ്റുകൾ മുന്നേറ്റം നടത്തി. ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷത്തിന് ആവശ്യമായ 218 സീറ്റുകൾ മറികടന്ന ഡെമോക്രാറ്റുകൾക്ക് സെനറ്റിലും ആധിപത്യം ഉറപ്പിക്കാനായി.


36 സംസ്ഥാനങ്ങളിലെ ഗവർണർ തെരഞ്ഞെടുപ്പുകളിലും ഡെമോക്രാറ്റുകൾക്ക് മികച്ച നേട്ടമുണ്ടായി. പരമ്പരാഗതമായി റിപ്പബ്ലിക്കൻ പാർട്ടിയെ പിന്തുണച്ചിരുന്ന സംസ്ഥാനങ്ങളിലെ ഫലങ്ങൾ ട്രംപ് ക്യാമ്പിന് വലിയ ആഘാതമായി.ഒഹായോ ഗവർണർ തെരഞ്ഞെടുപ്പിൽ ട്രംപിന്റെ വിശ്വസ്തനായ വിവേക് രാമസ്വാമി പരാജയപ്പെട്ടു. ഡെമോക്രാറ്റിക് സ്ഥാനാർഥി ആമി ആക്ടനാണ് ഇവിടെ വിജയം നേടിയത്. ടെക്സസിൽ മൂന്ന് പതിറ്റാണ്ടിനുശേഷം സെനറ്റ്, ഗവർണർ സ്ഥാനങ്ങൾ ഡെമോക്രാറ്റുകൾ സ്വന്തമാക്കി. സൗത്ത് കരോലിനയിൽ 1998നുശേഷവും കാൻസസിൽ ഒരു നൂറ്റാണ്ടിനുശേഷവുമാണ് ഡെമോക്രാറ്റുകൾ സെനറ്റ് വിജയം നേടുന്നത്. ജോർജിയയിൽ വിജയിച്ച കീഷ ലാൻസ് ബോട്ടംസ് ഗവർണറാകുന്ന ആദ്യ കറുത്തവർഗക്കാരിയായി. ന്യൂ ഹാംഷെയറിൽ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ക്രിസ് പപ്പാസ് ഈ പദവിയിലെത്തുന്ന ആദ്യ സ്വവർഗാനുരാഗിയുമായി.




Sharing is Caring