ട്രെയിനിലെ ലോവർ ബെർത്തുകളിൽ ഉറങ്ങുന്നതിനുള്ള സമയപരിധി നിശ്ചയിച്ച ഇന്ത്യൻ റെയിൽവേയുടെ സർക്കുലർ മദ്രാസ് ഹൈക്കോടതി ശരിവെച്ചു. രാത്രി 10 മുതൽ രാവിലെ 6 വരെ മാത്രമേ ലോവർ ബെർത്തുകളിൽ കിടന്ന് ഉറങ്ങാൻ അനുമതിയുള്ളൂവെന്ന വ്യവസ്ഥയിൽ മാറ്റം വരുത്തേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ കണക്കിലെടുത്ത് പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി രൂപീകരിച്ച വ്യവസ്ഥ അസാധുവാക്കാന്‍ കഴിയില്ലെന്നും എല്ലാ യാത്രക്കാര്‍ക്കും സൗകര്യം ഉറപ്പാക്കാനാണ് ഇത്തരം നിയന്ത്രണങ്ങളെന്നും ഹൈക്കോടതി നിരീക്ഷിച്ചു.ചെന്നൈ സ്വദേശിയായ എസ്. ബാലസുബ്രഹ്മണ്യൻ സമർപ്പിച്ച അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്.
ഫെബ്രുവരി 11ന് സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്തായിരുന്നു അപ്പീൽ. പതിവായി ട്രെയിനിൽ യാത്ര ചെയ്യുന്നയാളാണ് താനെന്നും അസുഖബാധിതയായ ഭാര്യയ്ക്കൊപ്പം യാത്ര ചെയ്ത ഒരവസരത്തിൽ രാത്രി 10 മുതൽ രാവിലെ ആറുവരെയുള്ള നിശ്ചിത സമയത്തിന് പുറമെ ലോവർ ബെർത്തിൽ കിടന്ന് ഉറങ്ങാൻ മറ്റ് യാത്രക്കാർ അനുവദിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോവർ ബെർത്തുകളിൽ കിടന്ന് ഉറങ്ങുന്നതിന് സമയപരിധി നിശ്ചയിച്ച് ഇന്ത്യൻ റെയിൽവേ പുറപ്പെടുവിച്ച സർക്കുലർ റദ്ദാക്കണമെന്നായിരുന്നു അപ്പീലിലൂടെ ബാലസുബ്രഹ്മണ്യൻ ആവശ്യപ്പെട്ടത്.

ഉറങ്ങുന്നതിനുള്ള സമയപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും രോഗികൾ, ഗർഭിണികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് സർക്കുലറിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ടെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. പരാതിക്കാരന് യാത്രയ്ക്കിടെ എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടിരുന്നെങ്കിൽ ട്രെയിനിലെ ജീവനക്കാരെയോ ആര്പിഎഫിനെയോ സമീപിക്കാമായിരുന്നുവെന്നും അല്ലെങ്കിൽ അടുത്ത സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ വിവരം അറിയിക്കാമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.












