ഉപഭോക്തൃ സ്വീകാര്യതയിൽ മുന്നേറി കെഫോൺ ഒ.ടി.ടി. സേവനമാരംഭിച്ച് പത്ത് മാസങ്ങൾക്കുള്ളിൽ 4,000ത്തിലധികം സജീവ ഉപഭോക്താക്കളെന്ന നേട്ടമാണ് പ്ലാറ്റ്ഫോം സ്വന്തമാക്കിയിരിക്കുന്നത്.
ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ ജനകീയമാക്കുകയെന്ന ലക്ഷ്യത്തോടെ കെഫോൺ ആരംഭിച്ച ഒ.ടി.ടി സേവനം, വിനോദ-വിജ്ഞാന ഉള്ളടക്കങ്ങളുടെ സമഗ്ര ശേഖരമാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. വിവിധ ദക്ഷിണേന്ത്യൻ ടി.വി ചാനലുകൾ, സിനിമകൾ, വെബ് സീരീസുകൾ, കുട്ടികൾക്കായുള്ള പരിപാടികൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ ശേഖരം കെഫോൺ ഒ.ടി.ടി യുടെ പ്രത്യേകതയാണ്.

കെഫോണിന്റെ അതിവേഗ ബ്രോഡ്ബാൻഡ് ശൃംഖലയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഒ.ടി.ടി , സംസ്ഥാനത്തിന്റെ ഡിജിറ്റൽ ഉൾക്കൊള്ളലിനും സാങ്കേതിക പുരോഗതിക്കും കൂടുതൽ കരുത്ത് പകരുന്നതാണ്. സേവനങ്ങളുടെ ഗുണനിലവാരവും ഉള്ളടക്ക വൈവിധ്യവും വർധിപ്പിച്ചുകൊണ്ട് കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനാണ് കെഫോൺ ലക്ഷ്യമിടുന്നത്.
4,000ത്തിലധികം ഉപഭോക്താക്കളെന്ന ഈ നേട്ടം, സേവനത്തിന് ലഭിക്കുന്ന ജനപിന്തുണയും വിശ്വാസവും വ്യക്തമാക്കുന്നതാണെന്ന് കെഫോൺ അധികൃതർ അറിയിച്ചു.











