മൊഫിയ പർവീണിന്റെ മരണം സർക്കാർ സ്‌പോൺസർ ചെയ്ത കൊലപാതകമാണെന്ന് കെ.കെ രമ

ആലുവയിലെ നിയമവിദ്യാർത്ഥിനി മൊഫിയ പർവീണിന്റെ മരണം സർക്കാർ സ്‌പോൺസർ ചെയ്ത കൊലപാതകമാണെന്ന് കെ.കെ രമ എം.എൽ.എ. കഴിഞ്ഞ ആറ് വർഷമായി തുടരുന്ന ആഭ്യന്തരവകുപ്പിന്റെ പിടിപ്പുകേടുകളുടെ അവസാന രക്തസാക്ഷിയാണ് പർവീൺ. പിണറായിവിജയൻ കേരളത്തിന്റെ ആഭ്യന്തരം കയ്യാളാൻ തുടങ്ങിയതിൽപിന്നെ പോലീസ് സ്‌റ്റേഷനുകളിൽ സാധാരണക്കാരന് നീതിയെന്നത് അപ്രാപ്യമായ അവസ്ഥയാണ്. പരാതിയുമായെത്തുന്നവരെ ക്രൂരമായി പീഡിപ്പിക്കുകയും, അപമാനിക്കുകയും ചെയ്യുന്നത് പോലീസിന്റെ ഇഷ്ടവിനോദമായിരിക്കുകയാണ്. ആഭ്യന്തരവകുപ്പിന്റെ മൗനാനുവാദമാണ് ഇതിനുകാരണം. ഒറ്റപ്പെട്ട വീഴ്ചകളെന്ന് മുഖ്യമന്ത്രി പറയുമ്പോഴും കേരളത്തിലങ്ങോളമിങ്ങോളം ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന നിലയിലാണ് ആഭ്യന്തരവകുപ്പും പോലീസും പ്രവർത്തിക്കുന്നത്. മൊഫിയപർവീണിന്റെത് ഇതിൽ ഒടുവിലത്തേത് മാത്രമാണെന്നും കെ.കെ രമ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കെ.കെ രമയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

ആലുവയിലെ നിയമവിദ്യാർത്ഥിനി മൊഫിയ പർവീണിന്റെ മരണം സർക്കാർ സ്‌പോൺസർ ചെയ്ത കൊലപാതകമാണ്.

കഴിഞ്ഞ ആറ് വർഷമായി തുടരുന്ന ആഭ്യന്തരവകുപ്പിന്റെ പിടിപ്പുകേടുകളുടെ അവസാന രക്തസാക്ഷിയാണ് പർവീൺ. ഭർതൃവീട്ടുകാർ പീഡിപ്പിക്കുന്നതായി പരാതി നൽകിയ മൊഫിയ പർവീണിനെ പോലീസ് സ്‌റ്റേഷനിൽ ഭർതൃവീട്ടുകാരുടെ മുന്നിൽവച്ച് കളിയാക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത ആലുവ ഈസ്റ്റ് സി.ഐ സി.എൽ സുധീറിനെതിരെ മൊഫിയയുടെ ആത്മഹത്യകുറിപ്പിൽ കൃത്യമായി പറയുന്നുണ്ട്. ഇത് മൊഫിയയുടെ മരണമൊഴിയായി കണക്കാക്കി സി.ഐക്കെതിരെ കൊലപാതകത്തിനുള്ള പ്രേരണകുറ്റത്തിന് കേസ് എടുക്കണം. എന്നാൽ ഇതുവരെ സി.ഐക്കെതിരെ വകുപ്പുതലത്തിൽ അന്വേഷണംപോലും നടത്താൻ ആഭ്യന്തരവകുപ്പു തയ്യാറായിട്ടില്ല.

പിണറായിവിജയൻ കേരളത്തിന്റെ ആഭ്യന്തരം കയ്യാളാൻ തുടങ്ങിയതിൽപിന്നെ പോലീസ് സ്‌റ്റേഷനുകളിൽ സാധാരണക്കാരന് നീതിയെന്നത് അപ്രാപ്യമായ അവസ്ഥയാണ്. പരാതിയുമായെത്തുന്നവരെ ക്രൂരമായി പീഡിപ്പിക്കുകയും, അപമാനിക്കുകയും ചെയ്യുന്നത് പോലീസിന്റെ ഇഷ്ടവിനോദമായിരിക്കുകയാണ്. ആഭ്യന്തരവകുപ്പിന്റെ മൗനാനുവാദമാണ് ഇതിനുകാരണം. ഒറ്റപ്പെട്ട വീഴ്ചകളെന്ന് മുഖ്യമന്ത്രി പറയുമ്പോഴും കേരളത്തിലങ്ങോളമിങ്ങോളം ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന നിലയിലാണ് ആഭ്യന്തരവകുപ്പും പോലീസും പ്രവർത്തിക്കുന്നത്. മൊഫിയപർവീണിന്റെത് ഇതിൽ ഒടുവിലത്തേതാണെന്നുമാത്രം.പരാതിയുമായെത്തുന്നവരോട് മാന്യമായി പെരുമാറാനറിയാത്തവരെ അതു പഠിപ്പിക്കുകതന്നെവേണം. ഇക്കാര്യത്തിൽ ഡി.ജി.പിയുടെ ഇടപെടൽ ഉണ്ടാവണം.

നിയമപഠനം നടത്തി നല്ലൊരു ഭാവിജീവിതം സ്വപ്‌നംകണ്ട ആ പെൺകുട്ടിക്കും കുടുംബത്തിനും നീതി ലഭ്യമാക്കാൻ കഴിഞ്ഞില്ലെങ്കിൽ ആഭ്യന്തരവകുപ്പിന്റെ ഉന്നത സ്ഥാനത്തിരിക്കുന്നവർ ഇറങ്ങിപ്പോകുന്നതാണ് നല്ലത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടവർതന്നെ അവരുടെ അന്തകരാകുന്നത് നോക്കിനിൽക്കാനാകില്ല.

അധികാരത്തിന്റെ ചില്ലുമേടയിലിരുന്ന്, ‘പോലീസിന്റെ ആത്മവീര്യം കെടുത്തരുതെന്നു’ മുഖ്യമന്ത്രി ആഹ്വനം ചെയ്യുമ്പോൾ, കേരളത്തിലങ്ങോളമിങ്ങോളം പോലീസിനാൽ പൊലിഞ്ഞു പോകുന്ന സാധാരണ ജീവിതങ്ങളെകാണാൻ അങ്ങ് കണ്ണ് തുറക്കണം. അങ്ങയുടെ പോലീസിന്റെ ആത്മവീര്യം ഞങ്ങൾ ജനങ്ങൾക്ക് സഹിക്കാവുന്നതിലും അധികമായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *