കുഞ്ഞിനെ തട്ടിയെടുത്തു ദത്തു നല്‍കിയ സംഭവം; പ്രതികള്‍ ഒളിവിലെന്ന് സംശയം

തിരുവനന്തപുരത്ത് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നല്‍കിയ കേസില്‍ പ്രതികള്‍ ഒളിവിലെന്ന് പോലീസ് നിഗമനം. പ്രതി ജയചന്ദ്രന്‍ അടക്കമുള്ള 6 പേരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ആരും വീടുകളില്‍ ഇല്ലെന്ന് സ്ഥിരീകരിച്ചു. അതിനിടെ കേസില്‍ നോട്ടറി അഭിഭാഷകനു പിന്നാലെ അനുപമയുടെ വാദം തള്ളി ടാക്സി ഡ്രൈവറും പോലീസിന് മൊഴി നല്‍കി.

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നല്‍കിയ കേസിലെ പ്രതികളായ അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത അടക്കമുള്ള 6 പ്രതികളും ഒളിവിലെന്നാണ് പോലീസ് നിഗമനം. പ്രതികള്‍ വീടുകളില്‍ ഇല്ലെന്നാണ് പോലീസ് പരിശോധനയില്‍ ബോധ്യപ്പെട്ടിരിയ്ക്കുന്നത്. ജില്ലാ കോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീര്‍പ്പാകുന്നത് വരെ വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നതാകാമെന്നാണ് വിലയിരുത്തല്‍.

കോടതി ഉത്തരവ് വരുന്നത് വരെ ചോദ്യം ചെയ്യലടക്കമുള്ള നടപടികളിലേക്ക് നീങ്ങേണ്ട എന്നാണ് അന്വേഷണസംഘത്തിന്‍റെ നിലപാട്. തിങ്കളാഴ്ച അന്വേഷണ പുരോഗതി അറിയിക്കാന്‍ കോടതി നിര്‍ദ്ദേശമുള്ളതിനാല്‍ സാക്ഷികളുടെ മൊഴിയെടുപ്പ് തുടരുകയാണ് പോലീസ്. കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറിയതായി പറയപ്പെടുന്ന ദിവസം നെയ്യാറിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ടാക്സിയിലാണ് താനും കുടുംബവും പോയതെന്ന് അനുപമ പോലീസിനോട് പറഞ്ഞിരുന്നു. ഇതേ ടാക്സിയുടെ ഡ്രൈവറുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *