സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് പരാജയം

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തമിഴ്നാടിനെതിരെ കേരളത്തിന് പരാജയം. അഞ്ച് വിക്കറ്റിനാണ് തമിഴ്നാട് കേരളത്തെ കീഴടക്കിയത്. ജയത്തോടെ തമിഴ്നാട് സെമിഫൈനലിൽ എത്തി. കേരളം മുന്നോട്ടുവച്ച 182 റൺസ് വിജയലക്ഷ്യം 19.3 ഓവറിൽ 5 വിക്കറ്റ് ശേഷിക്കെ തമിഴ്നാട് മറികടക്കുകയായിരുന്നു. ബാറ്റർമാരുടെ കൂട്ടായ പ്രകടനമാണ് അവരെ കൂറ്റൻ ഈ മികച്ച സ്കോർ മറികടക്കാൻ സഹായിച്ചത്. സായ് സുദർശൻ (46) അവരുടെ ടോപ്പ് സ്കോററായി. കേരളത്തിനായി ഉണ്ണികൃഷ്ണൻ മനുകൃഷ്ണൻ 3 വിക്കറ്റ് വീഴ്ത്തി.

ബൗണ്ടറികളോടെയാണ് തമിഴ്നാട് ഇന്നിംഗ്സ് ആരംഭിച്ചത്. നാരായൺ ജഗദീശനും ഹരി നിശാന്തും ചേർന്ന ഓപ്പണിംഗ് കൂട്ടുകെട്ട് 26 റൺസ് പടുത്തുയർത്തി. ജഗദീശനെ (7) സഞ്ജുവിൻ്റെ കൈകളിലെത്തിച്ച കെഎം ആസിഫ് കേരളത്തിന് ആദ്യ ബ്രേക്ക്‌ത്രൂ നൽകി. മൂന്നാം നമ്പറിലെത്തിയ സായ് സുദർശനും ആക്രമണത്തിൻ്റെ പാത സ്വീകരിച്ചതോടെ തമിഴ്നാട് അനായാസം മുന്നോട്ടുകുതിച്ചു. ഇന്നിംഗ്സിൻ്റെ എല്ലാ ഘട്ടത്തിലും റൺ നിരക്ക് കാത്തുസൂക്ഷിക്കാൻ അവർക്ക് സാധിച്ചു. 32 റൺസാണ് രണ്ടാം വിക്കറ്റിൽ സായ് സുദർശൻ- ഹരി നിശാന്ത് സഖ്യം കൂട്ടിച്ചേർത്തത്. തകർത്ത് കളിച്ച ഹരി നിശാന്തിനെ (32) ക്ലീൻ ബൗൾഡാക്കിയ ഉണ്ണികൃഷ്ണൻ മനുകൃഷ്ണൻ കേരളത്തിന് വീണ്ടും ബ്രേക്ക് ത്രൂ നൽകി.

മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ വിജയ് ശങ്കർ എത്തി. സായ് സുദർശനും വിജയ് ശങ്കറും ചേർന്ന് അനായാസം തമിഴ്നാട് സ്കോർ മുന്നോട്ടുനയിച്ചു. ജലജ് സക്സേനയും കെഎം ആസിഫുമൊക്കെ തല്ലുവാങ്ങി. 57 റൺസ് നീണ്ട തകർപ്പൻ കൂട്ടുകെട്ടിനൊടുവിൽ സായ് സുദർശൻ വീണു. 46 റൺസെടുത്ത താരത്തെ എസ് മിഥുൻ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. പിന്നാലെയെത്തിയ സഞ്ജയ് യാദവും മനോഹരമായി ബാറ്റ് ചെയ്തു. 30 റൺസ് നീണ്ടു ഈ നാലാം വിക്കറ്റ് കൂട്ടുകെട്ട്. വിജയ് ശങ്കറെ (33) അസ്‌ഹറുദ്ദീൻ്റെ കൈകളിലെത്തിച്ച ഉണ്ണികൃഷ്ണൻ മനുകൃഷ്ണൻ ഈ കൂട്ടുകെട്ട് പൊളിച്ച് കേരളത്തിനു വീണ്ടും പ്രതീക്ഷ നൽകി. എന്നാൽ, അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ച സഞ്ജയ് യാദവും ഷാരൂഖ് ഖാനും ചേർന്ന് തമിഴ്നാടിനെ അനായാസ ജയത്തിനരികെ എത്തിച്ചു. 19ആം ഓവറിലെ അവസാന പന്തിൽ സഞ്ജയ് യാദവ് (32) സച്ചിൻ ബേബിയുടെ കൈകളിലൊതുങ്ങി. ഉണ്ണികൃഷ്ണൻ മനുകൃഷ്ണനായിരുന്നു വിക്കറ്റ്. അവസാന ഓവറിലെ 4 റൺസ് വിജയലക്ഷ്യം 3 പന്തുകൾ ശേഷിക്കെ തമിഴ്നാട് മറികടന്നു. ഷാരൂഖ് ഖാൻ (19), എം മുഹമ്മദ് (6) എന്നിവർ പുറത്താവാതെ നിന്നു.

ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിലാണ് 181 റൺസ് നേടിയത്. 13 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 91 റൺസ് എന്ന നിലയിൽ പതറിയ കേരളത്തെ വിഷ്ണു വിനോദിൻ്റെ വെടിക്കെട്ട് ബാറ്റിംഗാണ് മികച്ച സ്കോറിലെത്തിച്ചത്. 26 പന്തുകൾ നേരിട്ട് 65 റൺസെടുത്ത് പുറത്താവാതെ നിന്ന വിഷ്ണുവാണ് കേരളത്തിൻ്റെ ടോപ്പ് സ്കോറർ. രോഹൻ കുന്നുമ്മൽ (51), സച്ചിൻ ബേബി (33) എന്നിവരും കേരളത്തിനായി തിളങ്ങി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *