രാജേഷിന്റെ ഭൗതിക ശരീരത്തോട് അനാദരവ്; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ജില്ലാ കളക്ടര്‍ക്ക് കൈമാറും


rajesh 1

ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനതിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന ആരോപണത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ജില്ലാ കളക്ടര്‍ക്ക് കൈമാറും. റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ പി വിഷ്ണു രാജ് പരിശോധിച്ച ശേഷം സര്‍ക്കാരിന് സമര്‍പ്പിക്കും. വീഴ്ച വരുത്തിയവര്‍ക്കെതിരെ വകുപ്പ് തല നടപടി ഉണ്ടായേക്കുമെന്ന് കളക്ടര്‍ അറിയിച്ചു.


സംഭവത്തില്‍ അന്വേഷണ ചുമതലയുള്ള കണ്ണൂര്‍ എഡിഎം പി എന്‍ പുരുഷോത്തമന്‍ കഴിഞ്ഞ ദിവസം പരിയാരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സൂപ്രണ്ട്, പയ്യന്നൂര്‍ തഹസീല്‍ദാര്‍ തുടങ്ങിയവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ രാജേഷിന്റെ മൃതദേഹം കൊണ്ടുപോയതിന് എതിരെയാണ് കുടുംബം ആരോപണം ഉന്നയിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യൂ മന്ത്രി കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്.


മൃതദേഹം കൊണ്ടുപോയതില്‍ വീഴ്ച സംഭവിച്ചുവെന്ന് ജില്ലാ കളക്ടർ പ്രതികരിച്ചിരുന്നു. വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും ഫ്രീസറുള്ള ആംബുലന്‍സ് സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്നും കളക്ടര്‍ വ്യക്തമാക്കിയിരുന്നു. ഫ്രീസറുള്ള ആംബുലന്‍സ് വിളിക്കാന്‍ പണം തടസമായിരുന്നില്ലെന്നും ഇന്നലെ കളക്ടര്‍ അറിയിച്ചിരുന്നു. സംഭവത്തിൽ പ്രതികരിച്ച് സിപിഐഎം രംഗത്തെത്തിയിരുന്നു. ഫണ്ടില്ലെന്ന കാരണത്താല്‍ ബന്ധുക്കള്‍ക്ക് ഫ്രീസര്‍ സൗകര്യമുള്ള ആംബുലന്‍സ് നിഷേധിച്ചത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നാണ് സിപിഐഎം പ്രതികരിച്ചത്.



Sharing is Caring