തമിഴ്നാട് കല്ലാക്കുറിച്ചിയില്‍ പ്ലസ് ടു വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു

തമിഴ്നാട് കല്ലാക്കുറിച്ചിയില്‍ പ്ലസ് ടു വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ച് സിഐഡി സംഘം കേസ് ഏറ്റെടുത്തതിന് പിന്നാലെയാണ്മൂന്ന് പേര്‍ അറസ്റ്റിലായത്. ആത്മഹത്യാക്കുറിപ്പില്‍ പേരുണ്ടായിരുന്ന രണ്ട് അധ്യാപകരേയും പ്രിന്‍സിപ്പലിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കണിമയൂര്‍ ശക്തി മെട്രിക്കുലേഷന്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. സ്‌കൂളിലെ അധ്യാപകര്‍ക്കെതിരെ കുറിപ്പെഴുതി വെച്ചായിരുന്നു ആത്മഹത്യ. ആരോപണ വിധേയരായ അധ്യാപകര്‍ക്കും സ്‌കൂള്‍ മാനേജ്മെന്റിനുമെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേരാണ് തെരുവിലിറങ്ങിയത്.

കുറ്റാരോപിതരെ അറസ്റ്റ് ചെയ്യണമെന്നും കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. മൃതദേഹത്തിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്നലെ നടത്തിയെങ്കിലും സ്വീകരിക്കാന്‍ കുടുംബം തയ്യാറായില്ല. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ മൃതദേഹം സ്വീകരിക്കില്ലെന്നായിരുന്നു കുടുംബത്തിന്റെ നിലപാട്.
അതേസമയം വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ ദുരൂഹത ആരോപിച്ച് തമിഴ്‌നാട്(Tamil Nadu) കള്ളിക്കുറിച്ചിയില്‍ നടന്ന പ്രതിഷേധം കലാപമായി മാറിയിരുന്നു. രണ്ടായിരത്തോളം വരുന്ന പ്രതിഷേധക്കാര്‍ സ്‌കൂള്‍ അടിച്ചു തകര്‍ത്തു.വാഹനങ്ങള്‍ക്ക് തീയിട്ടു. പ്രതിഷേധിച്ചവരെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്ക് വെടിവെച്ചു. സംഭവത്തെ അപലപിച്ച മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സമാധാനം പാലിക്കണമെന്ന് പ്രതിഷേധക്കാരോട് അഭ്യര്‍ത്ഥിച്ചു.

ആത്മഹത്യ ചെയ്ത പ്ലസ്ടു വിദ്യാര്‍ത്ഥിനി ശ്രീമതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ബന്ധുക്കള്‍ തുടരുന്ന പ്രതിഷേധം ഇന്ന് രാവിലെയാണ് കലാപത്തിലേക്ക് വഴി മാറിയത്. കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടന്ന കള്ളക്കുറിച്ചി സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നില്‍ 200 ഓളം ബന്ധുക്കള്‍ പ്രതിഷേധിച്ചു.
പിന്നാലെ കൂടുതല്‍ പേര്‍ ആശുപത്രി പരിസരത്തേക്കും കുട്ടി പഠിച്ചിരുന്ന ശക്തി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പരിസരത്തേക്കും എത്തി. ഇതോടെ പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറി. സ്‌കൂള്‍ ബസ്സും കൊമ്പൗണ്ടില്‍ നിര്‍ത്തിയിട്ട വാഹനങ്ങളും ഉള്‍പ്പെടെ 50 ഓളം വാഹനങ്ങള്‍ തകര്‍ത്തു. സമീപത്തു നിര്‍ത്തിയിട്ട പോലീസ് വാഹനവും അഗ്‌നിക്കിരയാക്കി. ചിന്നസേലം ദേശീയപാത പ്രതിഷേധക്കാര്‍ ഉപരോധിച്ചു.

ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്നും അധ്യാപകരുടെ മാനസികപീഡനമാണ് ആത്മഹത്യയിലേക്ക് നായിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഉച്ചയോടെ പുറത്തു വന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലച്ചോറിനേറ്റ ക്ഷതമാണ് മരണകരണം എന്ന് വ്യക്തമായി. റീ പോസ്റ്റ് മോര്‍ട്ടം വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ബന്ധുക്കള്‍.
കലാപം രൂക്ഷമയതോടെ ഒരു ഡി ഐ ജി, 5 എസ് പി മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 800 ലേറെ പോലീസുകാര്‍ സ്ഥലത്തെത്തിയിരുന്നു. പ്രതിഷേധാക്കരെ പിരിച്ചുവിടാന്‍ രണ്ട് തവണ പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു. സര്‍ക്കാരിനെ വിശ്വാസത്തിലെടുത്ത് സമാധാനം പാലിക്കണമെന്നും യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തുമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *