2023-ൽ തമിഴ് സിനിമയിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായ ‘ജയിലർ’ ഇനി രണ്ടാം ഭാഗവുമായി തിരിച്ചെത്തുകയാണ്. സൂപ്പർസ്റ്റാർ രജനീകാന്തും സംവിധായകൻ നെൽസൺ ദിലീപ് കുമാറും വീണ്ടും കൈകോർക്കുന്ന ‘ജയിലർ 2’യുടെ റിലീസ് തീയതി അണിയറ പ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
മാസങ്ങളായി ആരാധകർ കാത്തിരുന്ന പ്രഖ്യാപനം സൺ പിക്ചേഴ്സ് ഒരു പ്രത്യേക വീഡിയോയിലൂടെയാണ് പുറത്തുവിട്ടത്. ഒരു മിനിറ്റിൽ താഴെ ദൈർഘ്യമുള്ള വീഡിയോയിൽ കറുത്ത ആഡംബര കാറിൽ നിന്ന് രജനീകാന്ത് സ്റ്റൈലിഷായി ഇറങ്ങിവരുന്നതും ഒടുവിൽ റൺവേയുടെ നടുവിൽ നിൽക്കുന്നതുമാണ് കാണിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പൂർണമായി വെളിപ്പെടുത്താത്തതിനാൽ, അതിനായുള്ള കാത്തിരിപ്പും തുടരുകയാണ്.ഈ വർഷം ഒക്ടോബർ 15-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ‘ജയിലർ 2’ റിലീസ് ചെയ്യും. നെൽസൺ ദിലീപ് കുമാർ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്നു.

‘ജയിലർ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ തുടർച്ചയായി എത്തുന്ന ഈ സിനിമയിൽ രജനീകാന്ത് വീണ്ടും ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എസ്.ജെ. സൂര്യ, രമ്യ കൃഷ്ണൻ, യോഗി ബാബു, മിർണ, അന്ന രാജൻ, ജതിൻ സർണ, സുരാജ് വെഞ്ഞാറമൂട്, വിദ്യാ ബാലൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.ആദ്യ ഭാഗത്തിന്റെ വമ്പൻ വിജയത്തിന് പിന്നാലെ പ്രഖ്യാപിച്ച ‘ജയിലർ 2’ ബോക്സ് ഓഫീസിൽ വീണ്ടും ചരിത്രം സൃഷ്ടിക്കുമോയെന്ന ആകാംക്ഷയിലാണ് സിനിമാലോകവും ആരാധകരും.













