ഞാനിപ്പോഴേ താടി കറുപ്പിക്കാന്‍ തുടങ്ങി, ഇങ്ങനെ പോവുകയാണെങ്കില്‍ മൂപ്പരുടെ വാപ്പ ആയി അഭിനയിക്കേണ്ടി വരും: ദുല്‍ഖര്‍ സല്‍മാന്‍

അഭിനയത്തിലെ മികവു കൊണ്ടു മാത്രമല്ല, പ്രായം തട്ടാത്ത ലുക്കു കൊണ്ടും സിനിമാസ്വാദകരെ എന്നും വിസ്മയിപ്പിക്കുന്ന ഒരാളാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി.ആരാധകരെയും സിനിമാലോകത്തെയും മാത്രമല്ല, മകന്‍ ദുല്‍ഖര്‍ സല്‍മാനെയും പലപ്പോഴും ലുക്ക് കൊണ്ട് അതിശയിപ്പിക്കുന്ന വ്യക്തിത്വമാണ് മമ്മൂട്ടി. ഇപ്പോഴിതാ, മമ്മൂട്ടിയെ കുറിച്ച്‌ ദുല്‍ഖര്‍ പറഞ്ഞ രസകരമായൊരു കമന്റാണ് ശ്രദ്ധ നേടുന്നത്.

“ആര്‍ ബല്‍കി സംവിധാനം ചെയ്ത ‘പാ’യില്‍ അഭിഷേക് ബച്ചന്‍, അമിതാഭ് ബച്ചന്റെ അച്ഛനായി അഭിനയിച്ചിരുന്നു. വളരെ സാങ്കല്‍പ്പികമായി ചോദിക്കുകയാണ്, അത്തരമൊരു പ്രൊജക്റ്റ് താങ്കള്‍ക്കും മമ്മൂക്കയ്ക്കുമായി എത്തിയാല്‍ എങ്ങനെയാവും പ്രതികരണം?” എന്നായിരുന്നു ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിനിടയില്‍ അവതാരകയുടെ ചോദ്യം.

“അതത്ര വിചിത്രമൊന്നുമായിരിക്കില്ല, അദ്ദേഹത്തെ നോക്കൂ, എന്റെ ഫാദര്‍. ഞാനിപ്പോഴേ താടി കറുപ്പിക്കാന്‍ മസ്കാരയൊക്കെ ഇടാന്‍ തുടങ്ങി. താടിയില്‍ ഇടക്കിടക്ക് പിടിക്കുന്നതുകൊണ്ട് മസ്കാര പറ്റി എന്റെ വിരലിങ്ങനെ കറുത്തൊക്കെ ഇരിക്കും. എനിക്ക് എന്തായാലും ഏജിംഗ് പ്രകടമാവുന്നുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ കാര്യം അങ്ങനെയല്ല. എനിക്കറിയില്ല ആള് എന്താണ് ചെയ്യുന്നതെന്ന്. അതുകൊണ്ട് തന്നെ ഏറെ സാധ്യതയുണ്ട്, ഈ പോക്ക് പോകുകയാണെങ്കില്‍ കുറച്ച്‌ നാള്‍ കഴിഞ്ഞാല്‍ ഞാന്‍ മൂപ്പരുടെ വാപ്പയായി അഭിനയിക്കേണ്ടി വന്നെന്ന് ഇരിക്കും, അതും വേറെ മേക്കപ്പ് ഒന്നും കൂടാതെ തന്നെ,” ചിരിയോടെ ദുല്‍ഖര്‍ പറയുന്നു.

‘വാപ്പയുടെ ഒരു കടുത്ത ഫാന്‍ എന്ന നിലയില്‍ എനിക്ക് അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ നല്ല ആഗ്രഹമുണ്ട്. പക്ഷെ, അക്കാര്യത്തില്‍ അവസാനതീരുമാനം അദ്ദേഹത്തിന്റെതായിരിക്കും,” ദുല്‍ഖര്‍ പറയുന്നു.

“എന്റെ കരിയറിനെ കുറിച്ച്‌ കമന്റുകളൊന്നും വാപ്പ അങ്ങനെ പറയാറില്ലെങ്കിലും ഉമ്മയോട് സംസാരിക്കുന്നതില്‍ നിന്നും മറ്റും മനസ്സിലായത്, ഞാനെല്ലാം എന്റെതായ വഴിയെ ചെയ്യുന്നതില്‍ അദ്ദേഹത്തിന് ഏറെ അഭിമാനമുണ്ട് എന്നാണ്,” ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

മുന്‍പൊരു അഭിമുഖത്തില്‍, മമ്മൂട്ടിയെന്ന നടനും വാപ്പച്ചിയും രണ്ടും രണ്ട് വ്യക്തികളാണെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു. കഥ കേള്‍ക്കുമ്ബോള്‍ വാപ്പച്ചി കാണിക്കുന്ന ആകാംഷയും ആവേശവും തന്നെക്കാള്‍ കൂടുതലാണെന്നും അതുണ്ടാക്കുന്ന പ്രേത്സാഹനം വലുതാണെന്നുമാണ് ദുല്‍ഖര്‍ പറഞ്ഞത്.

“ഞങ്ങളൊക്കെ എപ്പോഴും അടുത്തുണ്ടാകാന്‍ വാപ്പച്ചിയ്‌ക്ക് വലിയ ആഗ്രഹമാണ്. ഷൂട്ട് കഴിഞ്ഞ് വരാന്‍ ലേറ്റായാല്‍ ചോദിക്കും, നീ എന്താ ഇത്രയും വൈകിയത്. നേരത്തെ ഷൂട്ട് തീര്‍ക്കാന്‍ പറഞ്ഞൂടായിരുന്നോ? നടനും അച്ഛനും തമ്മിലുളള സംഘര്‍ഷം കാണാന്‍ നല്ല രസമാണ്. ഇടയ്‌ക്ക് പറയും, ഫൈറ്റിലൊന്നും നീ റിസ്‌ക് എടുക്കരുത്, സുക്ഷിച്ചേ ചെയ്യാവൂ, അതേ ആളാണ് ഗ്രേറ്റ്ഫാദറില്‍ ആ ഫൈറ്റ് ചെയ്‌തത്. അതുകണ്ട് എന്റെ നെഞ്ചിടിപ്പ് കൂടിപോയി. എല്ലാം സ്വയം ചെയ്യാനിഷ്‌ടമാണ്. നമ്മള്‍ ചെയ്‌താല്‍ പക്കാ അച്ഛനാകും. ഇതൊക്കെ ആസ്വദിക്കാറുണ്ട് ” ദുല്‍ഖറിന്റെ വാക്കുകളിങ്ങനെ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *