ചെറുനഗരങ്ങളിലും ഐടി കുതിപ്പ്; കൊരട്ടി, ചേര്‍ത്തല ഇന്‍ഫോപാര്‍ക്കുകള്‍ക്ക് നേട്ടം

കൊച്ചി: കോവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യങ്ങളിലും കേരളത്തിലെ ചെറുപട്ടണങ്ങളില്‍ ഐടി രംഗം വളരുന്നു. കൊച്ചി ഇന്‍ഫോപാര്‍ക്കിന്റെ സാറ്റലൈറ്റ് പാര്‍ക്കുകളായ കൊരട്ടി, ചേര്‍ത്തല ഇന്‍ഫോപാര്‍ക്കുകള്‍ക്ക് കോവിഡും തുടര്‍ന്നുണ്ടായ തൊഴില്‍ രംഗത്തെ മാറ്റങ്ങളും മറ്റൊരു തരത്തില്‍ നേട്ടമായി മാറിയിരിക്കുകയാണ്. ലോക്ഡൗണ്‍ കാരണം ഐടി പാര്‍ക്കുകളിലെ കമ്പനികള്‍ ജീവനക്കാരെ എല്ലാം വര്‍ക്ക് ഫ്രം ഹോം രീതിയിലേക്ക് മാറ്റിയപ്പോള്‍ ഇത് സാറ്റലൈറ്റ് പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെ കാര്യമായി ബാധിച്ചില്ലെന്ന് കമ്പനികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇവിടങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന കമ്പനികള്‍ക്കു പുറമെ കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ഏതാനും മുന്‍നിര കമ്പനികളും നേരത്തെ തന്നെ സാറ്റലൈറ്റ് പാര്‍ക്കുകളിലേക്ക് പ്രവര്‍ത്തനം വിപുലപ്പെടുത്തിയിരുന്നു. ഇതുമൂലം ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള ഐടി ജീവനക്കാര്‍ക്ക് സുരക്ഷിതമായി ഈ പാര്‍ക്കുകളിലെത്തി ജോലി ചെയ്യാനുള്ള സൗകര്യമുണ്ടായിരുന്നു. കൊച്ചിയെ അപേക്ഷിച്ച് അയല്‍ ജില്ലകളില്‍ നിന്നുള്ള ജീവനക്കാര്‍ക്ക് വേഗത്തില്‍ എത്തിച്ചേരാവുന്ന ഇടങ്ങളാണ് കൊരട്ടി, ചേര്‍ത്തല ഇന്‍ഫോപാര്‍ക്കുകള്‍. ജീവനക്കാര്‍ക്ക് വീട്ടില്‍ നിന്ന് ഏറെ അകലം ഇല്ലാതെ തൊഴിലിടം ലഭ്യമായതോടെ കോവിഡ് കാലത്തും പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടന്നുവെന്നും ഉല്‍പ്പാദനക്ഷമത വര്‍ധിച്ചെന്നും കമ്പനികള്‍ സാക്ഷ്യപ്പെടുത്തുന്നു. ‘ജീവനക്കാര്‍ക്ക് വീട്ടില്‍ നിന്നും വേഗത്തില്‍ എത്തിച്ചേരാനുള്ള സൗകര്യമുള്ളതിനാല്‍ കോവിഡ് കാലത്ത് കൊരട്ടിയിലെ ഞങ്ങളുടെ യുനിറ്റ് ഏറെ ഗുണം ചെയ്തു. ഉല്‍പ്പാദനക്ഷമതയിലും ഇത് പ്രതിഫലിച്ചു,’ ക്യൂബസ്റ്റ് ടെക്‌നോളജീസ് അഡ്മിന്‍ മാനേജര്‍ റോബിന്‍ വി.എസ് പറയുന്നു.

കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ക്യൂബസ്റ്റ് ടെക്‌നോളജീസ്, ഫെതര്‍സോഫ്റ്റ്, ക്ലെയ്‌സിസ് എന്നീ കമ്പനികള്‍ ഏതാനും വര്‍ഷങ്ങളായി കൊരട്ടി, ചേര്‍ത്തല ഇന്‍ഫോപാര്‍ക്കുകളിലും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. കൊരട്ടിയില്‍ മാത്രം ക്യൂബസ്റ്റില്‍ 250 ജീവനക്കാരുണ്ട്. സാറ്റലൈറ്റ് ഐടി പാര്‍ക്കുകളില്‍ ഓഫീസ് ഇടങ്ങള്‍ക്ക് ചെലവും താരതമ്യേന കുറവാണെന്നത് കമ്പനികളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നു. വാടക ഇനത്തിലും പ്രവര്‍ത്തന ചെലവുകളുടെ കാര്യത്തിലും കമ്പനികള്‍ക്ക് വലിയ സാമ്പത്തിക ചെലവില്ലാതെ ഇവിടെ പ്രവര്‍ത്തിക്കാം. കോവിഡ് പ്രതിസന്ധി കാലത്ത് അടച്ചിടേണ്ടി വന്നാല്‍ പോലും വലിയ നഷ്ടം വരില്ലെന്നതാണ് ഗുണം, ഇന്‍ഫോപാര്‍ക്‌സ് കേരള, മാനേജര്‍ അരുണ്‍ രാജീവന്‍ പറഞ്ഞു. ശാന്തമായ അന്തരീക്ഷവും പ്രവര്‍ത്തന ചെലവ് കുറവും മികച്ച അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയും കണക്കിലെടുത്ത് വലിയ നഗരങ്ങള്‍ക്കു പകരം നേരിട്ട് ചെറുനഗരങ്ങളിലെ ഐടി പാര്‍ക്കുകളില്‍ പ്രവര്‍ത്തനം തുടങ്ങിയ കമ്പനികളാണ് സാറ്റലൈറ്റ് പാര്‍ക്കുകളില്‍ അധികവും. കൊച്ചി, തൃശൂര്‍ നഗരങ്ങള്‍ക്കിടയിലാണ് കൊരട്ടി. നഗരത്തിരക്കുകള്‍ ഇല്ലെന്നതിനു പുറമെ ദേശീയ പാത വഴിയും നെടുമ്പാശ്ശേരി വിമാനത്താവളം വഴിയും ഇവിടേക്ക് വേഗത്തില്‍ എത്തിച്ചേരാം എന്നതും പല കമ്പനികളേയും ഇങ്ങോട്ട് ആകര്‍ഷിക്കുന്നതില്‍ പ്രധാന ഘടകമാണ്. സമീപത്തു തന്നെ മികച്ച ആശുപത്രി സൗകര്യങ്ങളുടെ ലഭ്യതയുമുണ്ട്.

കൊരട്ടി ഇന്‍ഫോപാര്‍ക്ക് 2009ലാണ് തുടങ്ങിയത്. നാല് ലക്ഷത്തോളം ചതുരശ്ര അടി ഐടി സ്‌പേസ് ഇവിടെ ലഭ്യമാണ്. 45ഓളം കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. ചേര്‍ത്തലയില്‍ 2012ലായിരുന്നു ഇന്‍ഫോപാര്‍ക്കിന്റെ തുടക്കം. 2.4 ലക്ഷം ചതുരശ്ര അടിയാണ് ഇവിടെ ലഭ്യമായ ഓഫീസ് സ്ഥലം. ഇതുവരെ ഇവിടങ്ങളില്‍ വളര്‍ച്ച പതുക്കെയായിരുന്നെങ്കിലും കോവിഡ് മഹാമാരിക്കാലത്ത് വളര്‍ച്ചയ്ക്ക് ആക്കം കൂടിയിട്ടുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *