ഐ പി എല്‍;ഗുജറാത്തും രാജസ്ഥാനും ഇന്ന് ഏറ്റുമുട്ടും

സാമ്പിള്‍ വെടിക്കെട്ട് കഴിഞ്ഞു. ഇനിയാണ് പൂരം തുടങ്ങുന്നത്. ഐപിഎല്ലില്‍ ലീഗ് ഘട്ടം അവസാനിച്ചതിന് ശേഷമുള്ള ആദ്യ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഒന്നാം സ്ഥാനക്കാരായെത്തിയ ഗുജറാത്ത് ടൈറ്റണ്‍സും രണ്ടാം സ്ഥാനക്കാരായ രാജസ്ഥാന്‍ റോയല്‍സുമാണ് ഏറ്റുമുട്ടുന്നത്. ലീഗ് ഘട്ടത്തില്‍ ഏറ്റവും മികച്ച പ്രകടനത്തോടെയെത്തുന്ന രണ്ട് ശക്തരായ ടീമുകളാണ് ഇരുവരും. അതുകൊണ്ട് തന്നെ ആര് വിജയിക്കുമെന്നോ തോല്‍ക്കുമെന്നോ പ്രവചനാതീതമാണ്.

എന്നാല്‍ വിജയിക്കുന്നവര്‍ നേരിട്ട് ഫൈനലിലെത്തുമെന്നതിനാല്‍ ഗ്രൗണ്ടില്‍ തീപാറുന്ന മത്സരം തന്നെ അരങ്ങേറുമെന്ന് ഉറപ്പാണ്. തോൽക്കുന്ന ടീംഎലിമിനേറ്ററിലെ വിജയിയെ രണ്ടാം ക്വാളിഫയറില്‍ നേരിടും. ഐപിഎല്‍ കന്നി സീസണില്‍ കപ്പ് ഉയര്‍ത്തിയ ടീമാണ് രാജസ്ഥാന്‍. അന്നത്തെ ക്യാപ്റ്റന്‍ ഷെയ്ന്‍ വോണായിരുന്നു. ഇന്ന് മലയാളി താരമായ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയില്‍ രാജസ്ഥാന്‍ ഇറങ്ങുന്നത് ഏറെ പ്രതീക്ഷയോടെയാണ്. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തി രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനം ഉറപ്പാക്കുകയായിരുന്നു.

ചെന്നൈ ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ രാജസ്ഥാന്‍ ഇടയ്ക്കൊന്ന് പതറിയെങ്കിലും ആര്‍ അശ്വിന്റെ പോരാട്ടവീര്യത്തില്‍ അവസാന ഓവറില്‍ രണ്ട് പന്ത് ബാക്കിനിര്‍ത്തി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഗുജറാത്തിനെ സംബന്ധിച്ച് ഐപിഎല്ലിലെ തുടക്കകാരാണ്. അരങ്ങേറ്റത്തില്‍ തന്നെ വമ്പന്‍മാരെ ഞെട്ടിച്ചുകൊണ്ടാണ് അവര്‍ പോയിന്റ് ടേബിളിന്റെ തലപ്പത്തെത്തിയത്. ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ടീം ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരു പോലെ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. 14 കളിയില്‍ 10ലും വിജയിച്ചപ്പോള്‍ വെറും നാല് കളിയില്‍ മാത്രമാണ് തോല്‍വി നേരിട്ടത്. അരങ്ങേറ്റ സീസണില്‍ തന്നെ ഫൈനലിലെത്തി കിരീടമുയര്‍ത്തിയാല്‍ അത് ചരിത്രമാകും.

മഴയില്‍ മുങ്ങിയാല്‍ സൂപ്പര്‍ ഓവര്‍! അതിലും നടന്നില്ലെങ്കില്‍ മറ്റൊരു വഴി
കൊല്‍ക്കത്ത: പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് കാലാവസ്ഥ ഭീഷണിയായേക്കും. ലീഗ് ഘട്ട മത്സരങ്ങളെല്ലാം മുംബൈയിലാണ് നടന്നതെങ്കില്‍ ക്വാളിഫയര്‍ മത്സരങ്ങളെല്ലാം കൊല്‍ക്കത്തയിലാണ് നടക്കുന്നത്. എന്നാല്‍ കുറച്ച് ദിവസങ്ങളായി ശക്തമായ മഴയാണ് ഇവിടെ അനുഭവപ്പെടുന്നത്. എന്നാല്‍ മഴ തടസപ്പെടുത്തിയാല്‍ സൂപ്പര്‍ ഓവറുകളിലൂടെ വിജയിയെ തീരുമാനിക്കും. എലിമിനേറ്റർ, ക്വാളിഫയർ മത്സരങ്ങൾ, ഒരു ടീമിന് കുറഞ്ഞത് അഞ്ച് ഓവർ എന്ന ക്രമത്തിലെങ്കിലും നടത്താൻ കഴിയാതെ വന്നാൽ,‌ സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ സൂപ്പർ ഓവറിലൂടെ വിജയിയെ നിശ്ചയിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *