ഒമിക്രോൺ ​ഗൾഫിലും; സൗദി അറേബ്യയില്‍ ആദ്യ രോ​ഗബാധ സ്ഥിരീകരിച്ചു

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ​ഗൾഫിലേക്കും വ്യാപിക്കുന്നു. സൗദി അറേബ്യയിൽ ആദ്യമായി രോ​ഗബാധ സ്ഥിരീകരിച്ചു. ഒരു വടക്കന്‍ ആഫ്രിക്കന്‍ രാജ്യത്ത് നിന്നെത്തിയ സൗദി പൗരനായ യാത്രക്കാരനാണ് ഒമിക്രോൺ രോ​ഗബാധ സ്ഥിരീകരിച്ചത്. ഇയാളെ ഐസൊലേഷനിലേക്ക് മാറ്റിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

യാത്രികനേയും ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരേയും ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. മലാവി, സാംബിയ, മഡഗാസ്‌കര്‍, അംഗോള, സീഷെല്‍സ്, മൗറീഷ്യസ്, കൊമറോസ് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ സൗദി അറേബ്യ റദ്ദാക്കിയിരുന്നു. മറ്റ് രാജ്യങ്ങളില്‍ നിന്നു വരുന്നുവരുടെ ക്വാറന്റൈനും സൗദി കര്‍ശനമാക്കിയിട്ടുണ്ട്.

കൂടുതൽ അപകടകാരിയാണെന്ന് കരുതുന്ന ഒമിക്രോൺ വകഭേദത്തിന്റെ വ്യാപത്തിൽ ലോകരാജ്യങ്ങൾ ആശങ്കയിലാണ്. അതേസമയം ഒമിക്രോണ്‍ ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സംസ്ഥാന ആരോഗ്യ വകുപ്പ് പ്രതിനിധികളുടെ യോഗത്തില്‍ കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യസഭയില്‍ ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയും ഇക്കാര്യം പറഞ്ഞു.

കോവിഡിനെതിരേ എല്ലാ തലത്തിലും പോരാടാന്‍ രാജ്യം സജ്ജമാണെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിനിടെ വാക്‌സിനേഷന്‍ ത്വരിതപ്പെടുത്താന്‍ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ആന്റിജന്‍, ആര്‍ടിപിസിആര്‍ പരിശോധനകളിലൂടെ ഒമിക്രോണ്‍ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്താമെന്ന് മന്ത്രാലയം വ്യക്തമാക്കി. വിമാനത്താവളങ്ങളില്‍ നിരീക്ഷണം കര്‍ശനമാക്കണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം പാലിക്കാനും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *