സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഉടൻ തീരുമാനം

സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള മാനദണ്ഡം വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി തീരുമാനിക്കും. ഷിഫ്റ്റ് അടിസ്ഥാനത്തിലാണോ ഒന്നിടവിട്ട ദിവസങ്ങളിലാണോ ഓരോ ക്ലാസുകളും പ്രവര്‍ത്തിക്കേണ്ടതെന്നും സംയുക്തയോഗത്തിലാകും തീരുമാനിക്കുക. സ്‌കൂള്‍ തുറക്കുന്നതിനുള്ള സാഹചര്യമൊരുക്കാന്‍ ഒരു മാസത്തില്‍ താഴെ സമയം മാത്രമാണ് വിദ്യാഭ്യാസ വകുപ്പിനുള്ളത്.

നവംബര്‍ ഒന്നു മുതല്‍ ക്ലാസ് തുടങ്ങാന്‍ തീരുമാനിച്ചുവെങ്കിലും സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള മാനദണ്ഡം നിശ്ചയിച്ചിട്ടില്ല. ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളും പത്ത്, പന്ത്രണ്ട് ക്ലാസുകളുമാണ് ഒന്നാം തീയതി തുറക്കുക. ഒരു ക്ലാസില്‍ ശരാശരി 40 കുട്ടികളാണ് ഓരോ ക്ലാസിലുമുള്ളത്. ഇവരെ ഒരുമിച്ചിരുത്തി ക്ലാസ് നടത്തുക കൊവിഡ് സാഹചര്യത്തില്‍ അസാധ്യമാണ്. ഇതിനുള്ള ക്രമീകരണം എങ്ങനെ വേണമെന്നാണ് വിദ്യാഭ്യാസ-ആരോഗ്യ വകുപ്പുകളുടെ സംയുക്ത യോഗം തീരുമാനിക്കുക.

എത്ര കുട്ടികളെ ഒരു ക്ലാസില്‍ പ്രവേശിപ്പിക്കാം, ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ വേണമോ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ മതിയോ എന്നതും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കും. സ്‌കൂള്‍ ബസുകളില്‍ കുട്ടികളെ എത്തിക്കുമ്പോഴുള്ള കൊവിഡ് മാനദണ്ഡങ്ങളിലും യോഗമാകും വ്യക്തത വരുത്തുക. ഇതോടൊപ്പം ഒന്നര വര്‍ഷത്തിനുശേഷം സ്‌കൂളുകള്‍ തുറക്കുമ്പോള്‍ സ്‌കൂളും പരിസരവും വൃത്തിയാക്കേണ്ടതും സാനിറ്റൈസ് ചെയ്യേണ്ടതുമുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളുടേയുടേയും കര്‍മ്മ സമിതികളുടേയും നേതൃത്വത്തില്‍ ഇതു നടപ്പാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. ക്ലാസുകള്‍ക്കായി സ്‌കൂളുകള്‍ ഒരുക്കാന്‍ ഒരു മാസത്തില്‍ താഴെ സമയം മാത്രമാണ് വിദ്യാഭ്യാസ വകുപ്പിനുള്ളത്. അതിനാല്‍ തന്നെ മാര്‍ഗനിര്‍ദ്ദേശങ്ങളിലും കൊവിഡ് മാനദണ്ഡങ്ങളിലും തീരുമാനം ഉടനുണ്ടാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *