മന്ത്രവാദചികിത്സ;കുഞ്ഞിപ്പള്ളി ഇമാം ഉവൈസ് അറസ്റ്റിൽ

കണ്ണൂരിലെ മന്ത്രവാദത്തെ തുടർന്നുള്ള മരണങ്ങളുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ കുഞ്ഞിപ്പള്ളി ഇമാം ഉവൈസ് അറസ്റ്റിൽ. ഇമാമിനെതിരെ നിർണായക തെളിവുകൾ ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ അച്ഛൻ അബ്ദുൽ സത്താറും അറസ്റ്റിലായി.

ഉവൈസിനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യ, മരിക്കുമെന്ന് അറിഞ്ഞിട്ട് പോലും കുട്ടിക്ക് ആവശ്യമായ ചികിത്സ നൽകിയില്ല, 304 പാർട്ട് 2 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മതത്തെയും ദുരാചാരങ്ങളേയും കൂട്ടുപിടിച്ചാണ് ഉവൈസ് ചികിത്സ നടത്തുന്നതെന്ന് പൊലീസിന് വ്യക്തമായി. ഉവൈസിന്റെ മൊഴി അറസ്റ്റിലേക്ക് പോകുന്നതിൽ നിർണായകമായി. കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടതില്ല എന്ന് താൻ പറഞ്ഞതായി ഉവൈസ് പൊലീസിന് മൊഴി നൽകിയിരുന്നു. ഇമാമിനൊപ്പം മറ്റാർക്കെങ്കിലും കേസിൽ പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കും.

ഒരു കുടുംബത്തിലെ മൂന്നുപേരുൾപ്പെടെയുള്ള അസുഖബാധിതരെ മന്ത്രവാദത്തിന് വിധേയരാക്കി മരണത്തിലേക്ക് തള്ളി വിട്ടുവെന്നും മരിച്ച സഫിയയുടെ മകൻ സിറാജ് പടിക്കൽ പറഞ്ഞു. വിദഗ്ധ ചികിത്സ കിട്ടാതെ കഴിഞ്ഞ ദിവസം സിറ്റി സ്വദേശിയായ പതിനൊന്നുകാരി ഫാത്തിമ മരിച്ചിരുന്നു.

കണ്ണൂർ സിറ്റിയിലെ ചില കുടുംബ വീടുകൾ കേന്ദ്രീകരിച്ചാണ് മന്ത്രവാദം പിടിമുറുക്കിയത്. അസുഖങ്ങൾക്ക് വൈദ്യ ചികിത്സയ്ക്കപ്പുറം മതത്തെ മറയാക്കി മന്ത്രവാദമാണ് പ്രതിവിധി. തന്റെ മാതാവും ഉറ്റബന്ധുക്കളും ഇതിന്റെ ഇരകളാണെന്നു വെളിപ്പെടുത്തി യുവാവ് രംഗത്തെത്തി.

വ്രതമെടുക്കൽ, മന്ത്രിച്ച വെള്ളം എന്നിങ്ങനെയാണ് മന്ത്രവാദമെന്ന് സിറാജ് പറഞ്ഞു. ഖുറാനിലെ സൂക്തങ്ങൾ ചൊല്ലിയാൽ അസുഖം മാറും എന്ന് ഇവർ അവകാശപ്പെടുമെന്നും സിറാജ് കൂട്ടിച്ചേർത്തു.

സിറ്റി ആസാദ് റോഡിലെ 70കാരി പടിക്കൽ സഫിയയായാണ് മന്ത്രവാദത്തിന്റെ ആദ്യ ഇര.സഫിയയുടെ മകൻ അഷ്‌റഫ്,സഹോദരി നഫീസു കുറുവ സ്വദേശി ഇഞ്ചിക്കൽ അൻവർ എന്നിവരും വിദഗ്ധ ചികിത്സ കിട്ടാതെയാണ് മരിച്ചത്. സിറ്റി കുഞ്ഞിപ്പള്ളി ഇമാമും മരിച്ച സഫിയയുടെ കൊച്ചുമകളുടെ ഭർത്താവുമായ ഉവൈസാണ് അന്ധവിശ്വാസം പ്രചരിപ്പിക്കുന്നതിന് പിന്നിലെന്ന് സിറാജ് പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *