പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റി രൂപീകരിക്കും;ആരോഗ്യമന്ത്രി കെ മുരളീധരന്‍


k muraleedharan

പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ഡോ. എസ് എസ് ലാല്‍ ചെയര്‍മാനായും പ്രിന്‍സിപ്പല്‍ സെക്രട്ടറി ശര്‍മിള മേരി ജോസഫ് കോര്‍ഡിനേറ്ററായും ഡോ. ശ്രീജിത്ത് എന്‍ കുമാര്‍ കണ്‍വീനറായുമാണ് കമ്മിറ്റി. സര്‍ക്കാര്‍ – സ്വകാര്യ മേഖലകളിലെ വിദഗ്ധ ഡോക്ടര്‍മാരായിരിക്കും കമ്മിറ്റിയിലെ അംഗങ്ങളെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ആരോഗ്യം നിയന്ത്രിക്കാന്‍ എല്ലാ മേഖലയും വേണം. അത് സ്വകാര്യവത്കരണമായിട്ട് ആരും കാണണ്ട. എനിക്ക് റിപ്പോര്‍ട്ട് നല്‍കുന്ന ചുമതല മാത്രമേയുള്ളു – അദ്ദേഹം വിശദമാക്കി.


ആയുഷ് വകുപ്പിലെ ഡോക്ടര്‍മാര്‍, മൃഗസംരക്ഷണ വകുപ്പ്, ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്നിവയില്‍ നിന്നുള്ള വിദഗ്ധന്‍മാരും കമ്മിറ്റിയില്‍ ഉള്‍പ്പെടും. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ വിശദമാക്കി. ഈ വര്‍ഷം 146 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഷിഗല്ല ബാധിച്ച് അഞ്ചുപേര്‍ മരിച്ചു. മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് ഷിഗല്ല ബാധിച്ച് മരണം റിപ്പോര്‍ട്ട് ചെയ്തത്. പത്തനംതിട്ടയാണ് ഇതുവരെ ഷിഗല്ല റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ല. നിപയില്‍ എല്ലാ മരുന്നുകളും സ്റ്റോക്ക് ഉണ്ട്. 38 പരിശോധനകള്‍ നടത്തി. എല്ലാം നെഗറ്റീവാണ് – അദ്ദേഹം പറഞ്ഞു.പകര്‍ച്ചപ്പനി നിയന്ത്രിക്കാനുള്ള കലണ്ടര്‍ തയ്യാറാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

online news portal

ഓരോ സീസണിലും വരാനുള്ള പകര്‍ച്ചവ്യാധികളെ മുന്‍കൂട്ടി കണ്ട് നിയന്ത്രിക്കാനുള്ള നടപടികള്‍ രൂപീകരിക്കും. ഒരു പോസിറ്റീവ് കേസ് പോലും ഇല്ലാതെ ഒഴിവാക്കാന്‍ ആണ് ശ്രമിക്കുന്നത്. ജാഗ്രതാ സംവിധാനം ശക്തിപ്പെടുത്തണം. ആരോഗ്യം, തദ്ദേശം, മൃഗസംരക്ഷണം വകുപ്പുകളുടെ ഏകോപനം അനിവാര്യമാണ്. മരുന്നിന്റെ ലഭ്യത, സംഭരണം ഉറപ്പു വരുത്തും. ഇപ്പോള്‍ മരുന്ന് ലഭ്യതയില്‍ കുറവില്ല. ജില്ലാതലത്തില്‍ ഔട്ട് ബ്രേക്ക് മോണിറ്ററിംഗ് യൂണിറ്റ്, ജില്ലാതലത്തില്‍ ആക്ഷന്‍ കമ്മിറ്റി എന്നിവ രൂപീകരിക്കും. ആര്‍ആര്‍ടി ടീമിന്റെ സഹായം ലഭ്യമാക്കും. പഞ്ചായത്ത് തലംമുതല്‍ പ്രതിരോധം ആവിഷ്‌കരിക്കും. കമ്മിറ്റികള്‍ സര്‍ക്കാരിനെ സഹായിക്കാനാണ് – അദ്ദേഹം പറഞ്ഞു.



Sharing is Caring