ശബരിമലയില്‍ മില്‍മയുടെ വ്യാജ നെയ്യ് ക്രമക്കേടില്‍ വിമര്‍ശനം തുടര്‍ന്ന് ഹൈക്കോടതി. സംഭവത്തില്‍ വാങ്ങിയ നെയ്യുടെ ഒരു സാമ്പിള്‍ പോലും പരിശോധിച്ചില്ലെന്നും 1,65,000 ലിറ്റര്‍ നെയ്യ് വാങ്ങുമ്പോള്‍ ശാസ്ത്രീയമായ ഒരു പരിശോധനയും ഉണ്ടായിട്ടില്ലെന്നുമാണ് ഹൈക്കോടതിയുടെ വിമര്‍ശനം.ഗുണനിലവാരം മനസ്സിലാക്കാതെ എങ്ങനെയാണ് നെയ്യ് വാങ്ങാന്‍ പോയതെന്നും അന്നേ ദിവസം കമ്മീഷണറുടെ രേഖാമൂലമുള്ള എതിര്‍പ്പ് അറിയിച്ചിരുന്നിട്ടും അത് മറികടന്ന് മില്‍മയില്‍ നിന്നും നെയ്യ് വാങ്ങാനുള്ള തീരുമാനത്തേയും ഹൈക്കോടതി ചോദ്യം ചെയ്തു.
സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ നല്‍കാനും വിജിലന്‍സ് ഡയറക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. മികച്ച ഉദ്യോഗസ്ഥരാണ് അന്വേഷണസംഘത്തില്‍ വേണ്ടതെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.ശബരിമലയില്‍ മില്‍മയുടെ വ്യാജ നെയ്യ് എത്തിക്കാന്‍ മില്‍മ ഉദ്യോഗസ്ഥരെ ദേവസ്വം ജീവനക്കാര്‍ സഹായിച്ചുവെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ദേവസ്വം ബോര്‍ഡില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പദവി വഹിച്ചയാളാണ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതെന്നാണ് കണ്ടെത്തിയത്. മില്‍മ ജീവനക്കാരെ ഉദ്യോഗസ്ഥര്‍ സഹായിച്ചുവെന്ന പ്രാഥമിക നിഗമനത്തില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിലാണ് ഒന്നരലക്ഷത്തിലേറെ ലിറ്റര്‍ മായം കലര്‍ന്ന നെയ്യ് വിതരണം ചെയ്തതിന് പിന്നില്‍ ആസൂത്രിത നീക്കമെന്ന് കണ്ടെത്തുന്നത്.














