ജര്‍മനിയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും, വ്യാപക നാശനഷ്ടം

ബെർലിൻ: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ജർമനിയിൽ വ്യാപക നാശനഷ്ടം. ഇതുവരെ 19 പേർ മരിക്കുകയും നിരവധിപേരെ കാണാതാവുകയും ചെയ്തതായാണ് ഔദ്യോഗിക വിവരം. വെള്ളപ്പൊക്കത്തിൽപ്പെട്ട് കാറുകൾ ഒഴുകിപ്പോവുകയും കെട്ടിടങ്ങൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ അനേകംപേർ വീടുകളുടെ മേൽക്കൂരയിൽ കുടുങ്ങിയിട്ടുണ്ട്.

പടിഞ്ഞാറൻ പ്രവിശ്യയായ യൂസ്കിർഷെനിൽ മാത്രം എട്ട് പേർ മരിച്ചു. കോബ്ലെൻസ് നഗരത്തിൽ നാല് പേർ മരിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരുന്ന രണ്ട് ഉദ്യോഗസ്ഥരും മരിച്ചവരിൽ ഉൾപ്പെടുന്നു. വെള്ളപ്പൊക്കത്തെ തുടർന്ന് രക്ഷ തേടി വീടുകളുടെ ടെറസിൽ അഭയം പ്രാപിച്ച അമ്പതോളം പേർ കുടുങ്ങിക്കിടക്കുകയാണ്. പ്രദേശത്ത് ആറോളം വീടുകൾ പൂർണമായും തകർന്നു.

റൈൻ സീഗ് പ്രവിശ്യയിലെ സ്റ്റെയിൻബാഷൽ ഡാം തകരാനുള്ള സാധ്യത കണക്കിലെടുത്ത് സമീപ ഗ്രാമങ്ങളിലെ ജനങ്ങളെ മാറ്റിപാർപ്പിച്ചു. പ്രളയത്തിലും മണ്ണിടിച്ചിലിലും പല ഗ്രാമങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലായതിനാൽ മരണസംഖ്യ ഉൾപ്പെടെയുള്ള നാശനഷ്ടം ഇനിയും ഉയരാനാണ് സാധ്യതയെന്ന് അധികൃതർ പറയുന്നു. ഇന്റർനെറ്റ്, ഫോൺ ബന്ധം താറുമാറായത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

രണ്ട് ദിവസമായി കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയിലും മധ്യ ജർമനിയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് ഇന്നുകൂടി മഴ തുടരുമെന്നാണ് ജർമൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *