കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി ചെയ്ത സംഭവം :നാല് ഇറ്റാലിയൻ പൗരന്മാർ അറസ്റ്റിൽ

കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി ചെയ്ത സംഭവത്തിൽ നാല് ഇറ്റാലിയൻ പൗരന്മാർ അറസ്റ്റിൽ. ഡൽഹി, മുംബൈ, ജയ്പുർ എന്നിവിടങ്ങളിലും സമാന സംഭവങ്ങളുണ്ടായതായി റിപ്പോർട്ട്. ഇവരെ കഴിഞ്ഞ ദിവസം ഗുജറാത്തിൽ നിന്നാണ് ഗുജറാത്ത് ക്രൈം ബ്രാഞ്ചും ഭീകരവിരുദ്ധസ്ക്വാഡും ചേർന്ന് പിടികൂടിയത്. ജാൻകുല, സാക്ഷ, ഡാനിയൽ, പൗലോ എന്നിവരാണ് അറസ്റ്റിലായത്.

ഗുജറാത്ത് മെട്രോയുടെ ഒന്നാംഘട്ട ഉദ്ഘാടനത്തിന് മണിക്കൂറുകൾക്ക് മുമ്പ് ഇവർ മെട്രോയിൽ ഗ്രാഫിറ്റി ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ നാലുപേർ ചേർന്നാണ് ഗ്രാഫിറ്റി ചെയ്തതെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇറ്റാലിയൻ പൗരന്മാരെ പിടികൂടിയത്. ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിൽ എത്തിയ ശേഷം വിവിധയിടങ്ങളിലായി കറങ്ങി നടക്കുകയായിരുന്നു.

ഗുജറാത്തിൽ വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി മെട്രോ ഉദ്ഘാടനം ചെയ്തത്. തലേദിവസം രാത്രിയിൽ അപ്പാരൽ പാർക്ക് സ്റ്റേഷനിലെ ഒരു തീവണ്ടി ബോഗിയുടെ പുറംഭാഗം ഇവർ പെയിന്റുചെയ്ത് ‘ടാസ്’ എന്നെഴുതി. ഇറ്റാലിയൻ പിസയുടെ ചുരുക്കപ്പേരാണിതെന്ന് കരുതുന്നു. സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. താമസസ്ഥലത്തുനിന്നാണ്‌ അറസ്റ്റുചെയ്തത്‌. ‘ലോകമെങ്ങും സഞ്ചരിച്ച് തീവണ്ടികളിൽ പെയിന്റ് ചെയ്യുന്നതിൽ സംതൃപ്തി കണ്ടെത്തുന്ന’ സംഘമാണ് തങ്ങളെന്ന് ഇവർ പോലീസിനോട് പറഞ്ഞു. കൊച്ചി മെട്രോയിൽ ഇവർ സ്ളാഷ്, ബേൺ എന്നെഴുതിയിരുന്നു. ഡൽഹി, ജയ്‌പുർ, മുംബൈ എന്നിവിടങ്ങളിലും സമാനകൃത്യം നടത്തി.
അതിക്രമിച്ചു കടക്കൽ, പൊതുമുതൽ വികൃതമാക്കൽ തുടങ്ങിയവയ്ക്കാണ് കേസെടുത്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *