ഗുരുനാനാക് ജയന്തിയില്‍ ദീപങ്ങളാല്‍ അലങ്കരിച്ച് സുവര്‍ണക്ഷേത്രം

ഗുരുനാനാക് ജയന്തിയില്‍ ദീപങ്ങളാല്‍ അലങ്കരിച്ച് അമൃത്‌സറിലെ സുവര്‍ണക്ഷേത്രം. ദുരുദ്വാരയിലെത്തിയ ആയിരകണക്കിന് ഭക്തര്‍ ദീപങ്ങള്‍ തെളിയിച്ചു. സിഖ് മത സ്ഥാപകന്‍ ഗുരുനാനാക്കിന്റെ 552ാമത് ജന്മദിനം ദീപങ്ങള്‍ തെളിയിച്ചാണ് ഭക്തര്‍ ആഘോഷിക്കുന്നത്.

സിഖ് ഗുരുദ്വാരകളില്‍ പ്രഥമവും അതിവിശുദ്ധവും ആണ് പഞ്ചാബിലെ അമൃതസര്‍ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന സുവര്‍ണക്ഷേത്രം.അമൃതസര്‍ നഗരം 1574-ല്‍ നാലാം സിഖ് ഗുരു ആയിരുന്ന ഗുരു രാംദാസ് ആണ് സ്ഥാപിച്ചത്. നിലവില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന നിര്‍മിതിയാണ് സുവര്‍ണക്ഷേത്രം. കൊവിഡിനുമുന്‍പ് ഏതാണ്ട് ഒരു ലക്ഷത്തിനടുത്ത് തീര്‍ത്ഥാടകര്‍ ദിവസവും സുവര്‍ണക്ഷേത്രം സന്ദര്‍ശിക്കുന്നുണ്ടെന്നാണ് കണക്ക്.

സുവര്‍ണക്ഷേത്രത്തിനൊപ്പം പാകിസ്താനിലെ കര്‍താര്‍പൂര്‍ ഗുരുനാനാക്ക് സമാധിയിലെ തീര്‍ത്ഥാടനവും ആരംഭിച്ച സന്തോഷത്തിലാണ് സിഖ് സമൂഹം. ഇന്നുമാത്രം നൂറിലേറെ സിഖ് വംശജര്‍ കര്‍താര്‍പൂരിലെത്തിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

1469ലാണ് ഗുരുനാനാക്കിന്റെ ജനനം. ബാബാ നാനാക് എന്നാണ് സിഖ് സമൂഹം ഗുരുനാനാക്കിനെ വിളിച്ചിരുന്നത്. കബീര്‍ ദാസ്‌ന്റെ സന്ദേശങ്ങളില്‍ നിന്ന് പ്രചോദനം നേടിയ മഹാനായിരുന്നു ഗുരു നാനാക്ക്. സദാചാരനിഷ്ഠയും മതസഹിഷ്ണുതയുമാണ് ഗുരുനാനാക്ക് എന്നും ഊന്നിപ്പറഞ്ഞത്. ഇസ്ലാം മതത്തിന്റെയും ഹിന്ദു മതത്തിന്റെയും സാരാംശങ്ങള്‍ ഏകീകരിച്ച് ഒരു പുതിയ മതത്തിനു രൂപം കൊടുക്കുകയായിരുന്നു അദ്ദേഹം. ജാതിവിഭജനത്തില്‍ അദ്ദേഹം വിശ്വസിച്ചിരുന്നില്ല. വിഗ്രഹാരാധനയെയും അദ്ദേഹം എതിര്‍ത്തിരുന്നു. 1539 സെപ്തംബര്‍ 22നാണ് ഗുരുനാനാക്ക് സമാധിയായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *