സോഷ്യൽ മീഡിയയിൽ സ്വർണവും പണവും പ്രദർശിപ്പിച്ചിരുന്ന യൂട്യൂബർ മധുമിതയുടെ വീട്ടിൽ വൻ കവർച്ച. കന്യാകുമാരി ജില്ലയിലെ നാഗർകോവിലിന് സമീപം തമ്മത്തുകോണം വി.ഐ.പി ഗാർഡനിലെ വീട്ടിൽ നിന്നാണ് 118 പവൻ സ്വർണാഭരണങ്ങളും 50,000 രൂപയും കവർന്നത്. സംഭവത്തിൽ ആറ് പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി.മധുമിതയും ഭർത്താവ് വിനോദ്കുമാറും കുടുംബത്തോടൊപ്പം താമസിക്കുന്ന വീടാണിത്. വ്യാഴാഴ്ച വൈകിട്ട് 5.30ഓടെ കുടുംബം സാധനങ്ങൾ വാങ്ങുന്നതിനായി വീട് പൂട്ടി തിരുനെൽവേലിയിലേക്ക് പോയിരുന്നു. രാത്രി 11.45ഓടെ മടങ്ങിയെത്തിയപ്പോഴാണ് വീടിന്റെ പിൻവശത്തെ മരവാതിൽ തകർത്ത നിലയിൽ കണ്ടെത്തിയത്.
വീടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് അലമാര തകർത്ത് 118 പവൻ സ്വർണാഭരണങ്ങളും 50,000 രൂപയും കവർന്നതായി കണ്ടെത്തിയത്.വിവരമറിഞ്ഞ് രാജാക്കമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ജില്ലാ പൊലീസ് മേധാവി അന്ഷുൽ നാഗർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് നായയെ ഉപയോഗിച്ചും വിരലടയാള വിദഗ്ധരുടെ സഹായത്തോടെയും തെളിവുകൾ ശേഖരിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്.അതേസമയം, മധുമിത നേരത്തെ സോഷ്യൽ മീഡിയയിൽ സ്വർണാഭരണങ്ങളും പണവും സംബന്ധിച്ച നിരവധി വീഡിയോകൾ പങ്കുവെച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളും പ്രദർശിപ്പിക്കുന്നതും നിത്യമായി ആഭരണങ്ങൾ വാങ്ങുന്നതിനെക്കുറിച്ച് പറയുന്നതുമായ വീഡിയോകൾ ഇതിൽ ഉൾപ്പെടുന്നു.

മോഷണത്തിന് ഈ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. മധുമിതയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പിന്തുടരുന്നവരെയും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.വീട്ടിൽ ആളില്ലാത്ത സമയം മനസ്സിലാക്കി മോഷണം നടത്തിയതാണോ, സോഷ്യൽ മീഡിയയിലെ വിവരങ്ങൾ പ്രതികൾക്ക് സഹായകമായോ തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. നിലവിൽ മോഷണത്തിന് പിന്നിൽ ആരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
പ്രതികളെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങളും ശേഖരിച്ച മറ്റ് തെളിവുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.സോഷ്യൽ മീഡിയയിൽ സ്വകാര്യ സമ്പത്ത്, വീട്ടിലെ സുരക്ഷാ ക്രമീകരണങ്ങൾ, യാത്രാ വിവരങ്ങൾ എന്നിവ പരസ്യമായി പങ്കുവെക്കുന്നത് സുരക്ഷാ അപകടങ്ങൾക്ക് ഇടയാക്കാമെന്ന ചർച്ചയ്ക്കും സംഭവം വഴിവെച്ചിട്ടുണ്ട്. എന്നാൽ, മധുമിതയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളാണ് മോഷണത്തിന് നേരിട്ട് കാരണമായതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.











