ഗായത്രി സുരേഷിന്റെ പ്രതികരണം;കിലുക്കത്തിലെ രേവതിയെ ഓര്‍മ്മ വന്നുവെന്ന് നടന്‍ മനോജ്

വാഹനാപകടവുമായി ബന്ധപ്പെട്ട ഗായത്രി സുരേഷിന്റെ പ്രതികരണം കേട്ടപ്പോള്‍ ഓര്‍മ്മ വന്നത് കിലുക്കം സിനിമയിലെ രേവതിയെയാണെന്ന് നടന്‍ മനോജ് കുമാര്‍. തെറ്റ് പൂര്‍ണമായും ഗായത്രിയുടെ ഭാഗത്താണെന്നും അതിനെ ന്യായീകരിക്കരുതെന്നും മനോജ് പറഞ്ഞു. ‘ഗായത്രിയുണ്ടാക്കിയ അപകടത്തേക്കാള്‍ പ്രശ്നമാണ് അവരുടെ ന്യായീകരണം. അത് അംഗീകരിക്കാന്‍ പറ്റാത്തതാണ്. നമ്മള്‍ക്ക് ഒരു തെറ്റു പറ്റിയാല്‍ അത് ഏറ്റുപറയുകയാണ് വേണ്ടത്. എല്ലാവരും ക്ഷമിക്കണമെന്ന് പറഞ്ഞ് അവസാനിപ്പിക്കാവുന്ന വിഷയമായിരുന്നു. എന്നാല്‍ ഗായത്രി അതുവേറെ വഴിക്കാക്കി.’- മനോജ് പറയുന്നു.

‘അത് ചെയ്തപ്പോ, ഞാന്‍ അയാളെ ഒന്ന് തല്ലി, കുട എടുത്ത് അടിച്ചു, മൊട്ടത്തലയന്റെ തലയില്‍ ചട്ടിയെടുത്ത് അടിച്ചു, അതുമാത്രമേ ഞാന്‍ ചെയ്തുള്ളൂ, അതിനാണ് ഇവന്മാര്‍ ഇതൊക്കെ എന്നൊക്കെ പറഞ്ഞത്’ എന്നതു പോലെയാണ് ഗായത്രി സുരേഷിന്റെ ന്യായീകരണം കേട്ടപ്പോള്‍ തോന്നിയത്. എനിക്ക് മാത്രമല്ല പലര്‍ക്കും ഇത് തോന്നിയിട്ടുണ്ടാവും. പറഞ്ഞു വരുന്നത് ഗായത്രിയുടെ അപകട വീഡിയോയെ കുറിച്ചാണ്.

വീഡിയോ ഞാനും കണ്ടിരുന്നു. ആരാണ് വണ്ടിയിലുള്ളതെന്നും സീരിയല്‍ നടനല്ലേ, നടിയല്ലേ എന്നുമൊക്കെ നാട്ടുകാര്‍ ചോദിക്കുന്നതും കണ്ടിരുന്നു. ഗായത്രി അവരോട് സോറി പറയുന്നതും കേള്‍ക്കാം. പിന്നീടാണ് ഇവരുടെ വണ്ടി മുട്ടിയ കാര്യം അറിയുന്നത്. വണ്ടി ഇടിച്ചിട്ടും നിര്‍ത്താതെ പോയതു കൊണ്ടാണ് ആളുകള്‍ പ്രശ്നമുണ്ടാക്കിയതെന്ന് മനസ്സിലായി. നാട്ടുകാരുടെ ആ രോഷം സ്വാഭാവികമാണ്.

ഗായത്രി പറയുന്ന എക്സ്‌ക്യൂസ്, അവരൊരു സെലിബ്രിറ്റിയായത് കൊണ്ടാണ് നിര്‍ത്താതെ പോയതെന്നാണ്. പെട്ടെന്ന് ആളുകളുടെ മുന്നിലിറങ്ങാനുള്ള പേടി കൊണ്ടാണെന്നും അവര്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ അവരങ്ങനെ പേടിക്കേണ്ടതില്ല എന്നാണ് എനിക്കു പറയാനുള്ളത്. അങ്ങനെയാരും നമ്മളെ പിടിച്ച് വിഴുങ്ങുകയൊന്നുമില്ല. എന്റെ വണ്ടിയും ഇതേപോലെ ഇടിച്ചിരുന്നു. കടവന്ത്രയില്‍ വെച്ചായിരുന്നു അപകടം. എന്റെ ഭാര്യയാണ് വണ്ടി ഓടിച്ചത്. ഞങ്ങള്‍ അവരോട് സോറിയൊക്കെ പറഞ്ഞു. എന്താണു ചെയ്തു തരേണ്ടതെന്ന് ചോദിച്ചു. എന്റെ ഭാര്യയെ കണ്ടപ്പോള്‍ അവര്‍ക്ക് ആളെയും മനസ്സിലായി. ബീനയോട് അവര്‍ നല്ല രീതിയിലാണ് സംസാരിച്ചത്.

അതുകൊണ്ട് ഗായത്രി ഇക്കാര്യത്തില്‍ ഭയപ്പെടേണ്ടതില്ലായിരുന്നു. നമ്മള്‍ അവരോട് നല്ല രീതിയില്‍ പെരുമാറിയാല്‍ തിരിച്ച് ഇങ്ങോട്ടും നല്ല രീതിയില്‍ തന്നെ പെരുമാറും. ഗായത്രിയുണ്ടാക്കിയ അപകടത്തേക്കാള്‍ പ്രശ്നമാണ് അവരുടെ ന്യായീകരണം. അത് അംഗീകരിക്കാന്‍ പറ്റാത്തതാണ്. നമ്മള്‍ക്ക് ഒരു തെറ്റു പറ്റിയാല്‍ അത് ഏറ്റുപറയുകയാണ് വേണ്ടത്. എല്ലാവരും ക്ഷമിക്കണമെന്ന് പറഞ്ഞ് അവസാനിപ്പിക്കാവുന്ന വിഷയമായിരുന്നു. എന്നാല്‍ ഗായത്രി അതുവേറേ വഴിക്കാക്കി.

ഒരു കാര്യം തന്നെ മാറ്റി മറിച്ച് പറയല്ലേ ഗായത്രി, അത് ശരിയല്ല. ഗായത്രിയും ഞാനും ചെയ്യുന്നത് ഒരേ തൊഴിലാണ്, അഭിനയം. ഗായത്രി ബിഗ് സ്‌ക്രീനിലും ഞാന്‍ മിനിസ്‌ക്രീനിലും അഭിനയിക്കുന്നു എന്നു മാത്രം. പബ്ലിക്കില്‍ നമ്മളെല്ലാം അറിയപ്പെടുന്നവരാണ്. ഒന്നാമത് ആര്‍ട്ടിസ്റ്റുകളുടെ വായില്‍ നിന്ന് എന്തെങ്കിലും അബദ്ധം വീണ് കഴിഞ്ഞാല്‍, പിന്നെ ട്രോളുകളുടെ മഹോത്സവമാണ്. അതുകൊണ്ട് വളരെ ശ്രദ്ധിച്ച് മാത്രമേ നമ്മളുടെ വായില്‍ നിന്ന് എന്തെങ്കിലും വീഴാവൂ. ഗായത്രിയുടെ പുതിയ വീഡിയോയില്‍ കണ്ടത് അങ്ങനൊരു സംഭവമേ നടന്നിട്ടില്ല എന്നാണ്. ഇടയ്ക്കിടെ ഇങ്ങനെ മാറ്റിമറിച്ച് പറയുന്നത് കൊണ്ടാണ് ഈ ആളുകളുടെ വായിലിരിക്കുന്നത് മുഴുവന്‍ കേള്‍ക്കേണ്ടി വരുന്നത്.

സെലിബ്രിറ്റികളുടെ കാര്യത്തില്‍ പൂമാലയും കല്ലേറും ചെരിപ്പേറുമെല്ലാം കിട്ടുമെന്നതാണ് പ്രത്യേകത. അത് മനസ്സിലാക്കി മുന്നോട്ട് പോകണം. ഈ കല്ലേറിനും ചെരിപ്പേറിനുമുള്ള അവസരം നമ്മളായിട്ട് ഉണ്ടാക്കരുത് എന്നാണ് ഗായത്രിയോട് പറയാനുള്ളത്.
വിമര്‍ശനാത്മകമായി പറഞ്ഞതല്ല, ശ്രദ്ധിക്കാന്‍ വേണ്ടി പറഞ്ഞതാണ്. അറിയപ്പെടുന്നവര്‍ റോള്‍ മോഡലാവാനാണ് ശ്രമിക്കേണ്ടത്. നിയമം എല്ലാവര്‍ക്കും തുല്യരാണ്. അതുകൊണ്ട് നാട്ടുകാരും ആര്‍ട്ടിസ്റ്റുകളോട് അനുഭാവപൂര്‍വം പെരുമാറുക. ആര്‍ട്ടിസ്റ്റുകള്‍ക്കും അബദ്ധം പറ്റും. നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണ്. ആര്യന്‍ ഖാന്റെ അവസ്ഥ തന്നെ നോക്കൂ. ഇന്ത്യയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള താരത്തിന്റെ മകനാണ്. എന്നിട്ട് എന്തുണ്ടായെന്ന് നിങ്ങളെല്ലാം കണ്ടില്ലേ. എന്തായാലും വണ്ടിയില്‍ പോകുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കുക. അമിത വേഗം, അശ്രദ്ധ ജീവിതത്തില്‍ കനത്ത നഷ്ടങ്ങള്‍ ഉണ്ടാക്കും.’

Spread the love

Leave a Reply

Your email address will not be published. Required fields are marked *