അമേരിക്കയിലെയും ഓസ്‌ട്രേലിയയിലെയും സ്ഥാനപതികളെ തിരിച്ചു വിളിച്ച് ഫ്രാന്‍സ്

പാരിസ്: അമേരിക്കയിലേയും ഓസ്ട്രേലിയയിലേയും സ്ഥാനപതികളെ തിരിച്ചു വിളിച്ച് ഫ്രാൻസിന്റെ പ്രതിഷേധം. ബ്രിട്ടൻ അമേരിക്ക എന്നിവരുമായുള്ള പുതിയ സുരക്ഷാ കരാറിന് പിന്നാലെ ഫ്രഞ്ച് നിർമിത അന്തർവാഹിനികൾ വാങ്ങാനുള്ള ധാരണയിൽ നിന്ന് ഓസ്ട്രേലിയ പിൻമാറിയതിനെ തുടർന്നാണ് നടപടി. പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന്റെ നിർദേശത്തെ തുടർന്നാണ് നടപടിയെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ വെസ് ലെ ഡ്രെയിൻ പറഞ്ഞു.

അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ എന്നവരുടെ ത്രിരാഷ്ട്ര സഖ്യമായ ഓക്കസ് സെപ്റ്റംബർ 15ന് നടത്തിയ പ്രസ്താവനകളാണ് തീരുമാനത്തിന് കാരണമെന്നും വിദേശകാര്യ മന്ത്രി പറയുന്നു. 2016ൽ ഓസ്ട്രേലിയയുമായി ഉണ്ടാക്കിയ 90 ബില്യൺ ഓസ്ട്രേലിയൻ ഡോളറിന്റെ കരാർ പിൻവലിച്ചതാണ് ഫ്രാൻസിനെ പ്രകോപിപ്പിച്ചത്. അമേരിക്ക ബ്രിട്ടൻ എന്നിവരിൽ നിന്ന് ആണവ ശേഷിയുള്ള അന്തർവാഹിനികൾ വാങ്ങാനുള്ള തീരുമാനത്തിന്റെ ഭാഗമായി തങ്ങളുമായുള്ള കരാർ പിൻവലിച്ചത് നിരാശാജനകമാണെന്ന് ഫ്രാൻസ് പറയുന്നു.

മറ്റു മേഖലകളിൽ ഓസ്ട്രേലിയയുമായി നടത്തുന്ന സഹകരണത്തെക്കുറിച്ചും പുനരാലോചിക്കേണ്ടിവരുമെന്നാണ് ഫ്രഞ്ച് നിലപാട്. ഫ്രാൻസിന്റെ നിലപാട് ഖേദകരമാണെന്നാണ് അമേരിക്ക പ്രതികരിച്ചത്. ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. അതേസമയം അമേരിക്കയേയും ഓസ്ട്രേലിയയേയും വിമർശിക്കുന്ന ഫ്രാൻസ് ബ്രിട്ടനെതിരെ മൗനം തുടരുകയാണ്. ഫ്രാൻസുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്ന് ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി മെരീസ് പെയ്ൻ പ്രതികരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *